മീഞ്ചന്ത-അരയിടത്തുപാലം മിനിബൈപ്പാസിലെ മാങ്കാവിലായിരിക്കും പദ്ധതി നടപ്പാക്കുക. മൂവായിരം പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂസഫലി പറഞ്ഞു

ദുബായ്: ലുലു ഗ്രൂപ്പ് കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തും. നഗരത്തിനുള്ളില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററും, ഷോപ്പിംഗ് സെന്‍ററും, ഹോട്ടലും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കും.28 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

മീഞ്ചന്ത-അരയിടത്തുപാലം മിനിബൈപ്പാസിലെ മാങ്കാവില്‍ ലുലു ഗ്രൂപ്പിന്‍റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലത്താവും പദ്ധതി നടപ്പാക്കുക. മൂവായിരം പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. വളരെ കാലമായി കോഴിക്കോട്ടെ പദ്ധതി അനിശ്ചിതാവസ്ഥയിലായിരുന്നുവെന്ന് യൂസഫലി പറയുന്നു. 

ഒരു ഘട്ടത്തില്‍ ഞങ്ങള്‍ അത് ഉപേക്ഷിക്കുന്നതിനെപ്പറ്റി വരെ ഗൗരവമായി ആലോചിച്ചിരുന്നു.പിന്നീട് ബോള്‍ഗാട്ടിയിലെ കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇതേക്കുറിച്ച് ആരായുകയും നിലവിലെ സ്ഥിതി അറിഞ്ഞപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നും ആവശ്യമായ അനുമതികള്‍ എല്ലാം സമയബന്ധിതമായി ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

കോഴിക്കോട് ഒരു നല്ല നിക്ഷേപപദ്ധതി വേണമെന്ന അദ്ദേഹത്തിന്‍റെ താത്പര്യം കൂടി കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പദ്ധതിക്ക് വേണ്ട ഔദ്യോഗിക അനുമതികളെല്ലാം ഇതിനോടകം ലഭിച്ചെന്നും യൂസഫലി വ്യക്തമാക്കി.കേരളത്തിൽ നിക്ഷേപം നടത്താൻ സന്തോഷമേയുള്ളൂ .അനാവശ്യ എതിർപ്പുകൾ ശ്രദ്ധിക്കില്ലെന്നും യൂസഫലി പറഞ്ഞു

നിലവില്‍ കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാളും, ബോള്‍ഗാട്ടിയില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററും, ഹയാത്ത് ബ്രാന്‍ഡില്‍ ആഡംബര ഹോട്ടലും ലുലുവിനുണ്ട്. തിരുവനന്തപുരം ലുലു മാളിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ പാര്‍ക്കും വൈകാതെ പ്രവര്‍ത്തനസജ്ജമാവും. ഇതോടൊപ്പമാണ് കോഴിക്കോടും സാന്നിധ്യം അറിയിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ജന്മദേശമായ നാട്ടികയിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് നേരത്തെ യൂസഫലി അറിയിച്ചിരുന്നു.