
ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ബിഎസ്എയെ സ്വന്തമാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനിയാണ് ബിഎസ്എയെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്എയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതേ പേരില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഇനിമുതല്‍ ക്ലാസിക്ക് ലെജെന്‍ഡ്‍സിനായിരിക്കും.

അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വേരുകളുണ്ട് ബിഎസ്എക്ക്. ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്ര അന്താരാഷ്ട്ര വാഹന ലോകത്ത് കരുത്തന്മാരായിത്തീരുമെന്ന് ചുരുക്കം. 2011-ല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പുഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മഹീന്ദ്രയുടെ പുതിയ നേട്ടം.

കഴിഞ്ഞ കുറച്ചു കാലമായി മോട്ടോര്‍ വാഹന ലോകത്ത് നടന്നു കോണ്ടിരുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് ഈ ഏറ്റെടുക്കലോടെ വിരാമമായിരിക്കുന്നത്. ബിഎസ്എ, നോര്‍ട്ടണ്‍ എന്നിവയിലേതെങ്കിലും ഒന്നിനെ മഹീന്ദ്ര സ്വന്തമാക്കിയേക്കും എന്നായിരുന്നു വാര്‍ത്തകള്‍.
എസ്‍യുവികളുടെ ഉല്‍പ്പാദനത്തിലാണ് മഹീന്ദ്ര ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്രയുടെ ഇരുചക്രവാഹനങ്ങളും ജനപ്രിയമാണ്. മഹീന്ദ്ര മോജോ ഉള്‍പ്പെടെയുള്ളവ ഉദാഹരണം.

ഐക്കണിക്ക് ബ്രാന്‍ഡായ ബിഎസ്എയുടെയും പുഷോയുടെയുമൊക്കെ ഏറ്റെടുക്കലോടെ ലോകത്തിലെ ഇരുചക്രവാഹന വിപണിയില്‍ ഇനിമുതല്‍ നിര്‍ണ്ണായക ശക്തിയാവും മഹീന്ദ്ര.

