മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി ജൂലൈ 21 നും ജൂലൈ 23 നും ഇടയിൽ കമ്പനിയിലെ 7.42 ദശലക്ഷം ഓഹരികൾ (842.87 കോടി രൂപയുടെ 0.13 ശതമാനം ഓഹരികൾ) വിറ്റതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് റിപ്പോർട്ട്. ജൂൺ 30 വരെയുളള കണക്കുകൾ പ്രകാരം 0.14% ഓഹരികൾ അല്ലെങ്കിൽ 7.8 ദശലക്ഷം ഓഹരികൾ പുരി കൈവശം വച്ചിരുന്നു. 

ഈ വിൽപ്പനയ്ക്ക് ശേഷം, അദ്ദേഹത്തിന് ഇപ്പോൾ 3.76 ലക്ഷം ഓഹരികൾ അല്ലെങ്കിൽ ബാങ്കിൽ 0.01 ശതമാനം ഓഹരികളാണ് ശേഷിക്കുന്നത്. ഈ വരുന്ന ഒക്ടോബറിൽ ആദിത്യ പുരി സ്ഥാനമൊഴിയാനിരിക്കുകയാണ്. ഈ ഓഹരികൾ വ്യത്യസ്ത സമയത്തും വ്യത്യസ്ത വില പോയിന്റുകളിലും പുരിക്ക് അനുവദിച്ചതാണെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വക്താവ് പറഞ്ഞു. അതിനാൽ, മൊത്തം തുക 840 കോടി രൂപ അല്ല. ഓഹരികളുടെ ഏറ്റെടുക്കൽ ചെലവും ഇടപാടിന് നൽകേണ്ട നികുതിയും കണക്കാക്കേണ്ടതുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നവംബറിൽ എച്ച്ഡിഎഫ്സി ബാങ്ക് ബോർഡ് പുരിയുടെ പിൻഗാമിയെ കണ്ടെത്താൻ ഒരു സമിതി രൂപീകരിച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ ശ്യാമള ഗോപിനാഥ്, സഞ്ജീവ് സച്ചാർ, എംഡി രംഗനാഥൻ, സന്ദീപ് പരേഖ്, ശ്രീകാന്ത് നാദാമുനി, കെകി മിസ്ത്രി എന്നിവരടങ്ങുന്ന ആറ് അംഗ സമിതി രൂപീകരിച്ചതായി ബാങ്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ നോട്ടീസിൽ ബാങ്ക് വ്യക്തമാക്കി. സമിതിയുടെ ഉപദേശകനായി പുരി പ്രവർത്തിക്കും.