Asianet News MalayalamAsianet News Malayalam

യൂറോപ്പിൽ നിന്നുളള റിപ്പോർട്ടുകളിൽ വിറച്ച് വിപണികൾ: സമ്മർദ്ദത്തിൽ ആടിയുലഞ്ഞ് യുഎസ്; ഇന്ത്യൻ വിപണികൾ ഇ‌ടിഞ്ഞു

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് യുഎസിൽ ധനപരമായ ഉത്തേജനം പദ്ധതി അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷ നിക്ഷേപകർക്ക് നഷ്ടമായതിനാൽ ബുധനാഴ്ച വാൾസ്ട്രീറ്റ് ദുർബലമായി. 

BSE Sensex slipping 1066 points great pressure mount in European stocks
Author
Mumbai, First Published Oct 15, 2020, 6:27 PM IST

വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. വ്യാപാര മണിക്കൂറുകളിൽ ഉടനീളം വിപണിയിൽ സമ്മർദ്ദം ശക്തമായിരുന്നു. 10 ദിവസത്തെ റാലിക്ക് ഇന്ന് വലിയ തകർച്ച നേരിട്ടു. ബിഎസ്ഇ സെൻസെക്സ് 1,066 പോയിന്റ് ഇടിഞ്ഞ് 39,728 ലെവലിൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 50 സൂചിക 291 നഷ്ടത്തോടെ 11,680 ലെവലിൽ എത്തി. കൊറോണ വൈറസിന്റെ (കൊവിഡ് -19) രണ്ടാം തരംഗത്തെ തടയാൻ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച നടപടികളാണ് ഇന്ത്യൻ വിപണികളിലും നഷ്ടവ്യാപാരത്തിന് കാരണമായത്. യൂറോപ്യൻ രാജ്യങ്ങൾ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ ആഗോള വിപണികളിൽ ബലഹീനതയ്ക്ക് കാരണമായി.  

ഇൻട്രാ-ഡേ ഡീലുകളിൽ, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 1,127 പോയിന്റ് അഥവാ 2.7 ശതമാനം ഇടിഞ്ഞ് 39,684 ലെവലിൽ എത്തി. വിശാലമായ നിഫ്റ്റി 50 310 പോയിൻറ് അഥവാ 2.5 ശതമാനം ഇടിഞ്ഞ് 11,661 ലെവലിലും എത്തിയിരുന്നു.

ഏഷ്യൻ വിപണികളിലെ നെഗറ്റീവ് സൂചനകളെത്തുടർന്ന് ഇന്ത്യൻ വിപണികൾ നേരിയ തോതിൽ നെഗറ്റീവ് ട്രെൻഡിലാണ് വ്യാപാരത്തിലേക്ക് കടന്നത്. പകൽ സമയത്ത് വിൽപ്പന ശക്തമാവുകയും യൂറോപ്പിൽ നിന്നുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ വിപണിയിൽ സമ്മർദ്ദം ഉയരുകയും ചെയ്തു. പുതിയതായി റിപ്പോർ‌ട്ട് ചെയ്യപ്പെ‌ടുന്ന കൊവിഡ് -19 കേസുകളിലെ വർദ്ധനവ് യൂറോപ്പിലുടനീളമുള്ള ചില നഗരങ്ങളിൽ പുതിയ ലോക്ക്ഡൗണുകൾ നടപ്പിലാക്കാൻ കാരണമായി. "പ്രധാന ആഗോള നഗരങ്ങളിലുടനീളം ലോക്ക്ഡൗൺ വീണ്ടും അടിച്ചേൽപ്പിച്ചതിന്റെ ഫലമായി സാമ്പത്തിക വീണ്ടെടുക്കൽ വൈകിയേക്കുമെന്ന ഭയത്തെ തുടർന്ന് ട്രേഡർമാർ ലാഭം ബുക്ക് ചെയ്യുകയും ചെയ്തു, ” ആനന്ദ് രതി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കോഴ്സിലെ ഫണ്ടമെന്റൽ ഇക്വിറ്റി റിസർച്ച് മേധാവി നരേന്ദ്ര സോളങ്കി പറഞ്ഞു.  

തെരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷ വേണ്ട

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് യുഎസിൽ ധനപരമായ ഉത്തേജനം പദ്ധതി അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷ നിക്ഷേപകർക്ക് നഷ്ടമായതിനാൽ ബുധനാഴ്ച വാൾസ്ട്രീറ്റ് ദുർബലമായി. വ്യാഴാഴ്ച വ്യാപാരത്തിനായി തുറന്നപ്പോൾ ഇന്ത്യൻ വിപണികളിൽ ഈ സാഹചര്യം പ്രതികൂല പ്രതികരണത്തിന് കാരണമായി.

"ഈ സമയത്ത് തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും ചെയ്യുന്നതും അത് നടപ്പിലാക്കുന്നതും ബുദ്ധിമുട്ടാണ്, ” യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുചിൻ പറഞ്ഞു. ബുധനാഴ്ചത്തെ ഓവർ നൈറ്റ് ട്രേഡിംഗ് സെഷനിൽ ഡൗ ജോൺസ് 0.58 ശതമാനവും എസ് ആന്റ് പി 500 ന് 0.66 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.80 ശതമാനവും ഇടിഞ്ഞു. അതേസമയം, ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:50 ന് 257 പോയിന്റ് ഇടിഞ്ഞു, ഇത് വാൾസ്ട്രീറ്റിലെ നഷ്ടം വർദ്ധിപ്പിക്കുന്നതായുളള സൂചനയാണ് നൽകുന്നത്.

യൂറോപ്യൻ മേഖലയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ, വലിയ നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസ് ഉൾപ്പെടെ രാജ്യത്തെ വലിയ ഒമ്പത് നഗരങ്ങളിൽ ശനിയാഴ്ച മുതൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ തടയുന്നതിനായുളള തന്ത്രം സ്വയം തീരുമാനിക്കാൻ ജർമ്മൻ ചാൻസലർ ഏഞ്ചല മാർക്കൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി. ഇതോ‌ടെ ജർമനിയിലും നിയന്ത്രണങ്ങൾ ശക്തമാകുമെന്നുറപ്പായി. 

തുടക്ക വ്യാപാരത്തിൽ യൂറോപ്പിലെ ഓഹരികൾ തുടർച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞു. പാൻ-യൂറോപ്യൻ STOXX 600 1.7 ശതമാനം ഇടിഞ്ഞ് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ലണ്ടനിലെയും പാരീസിലെയും വിപണികൾ യഥാക്രമം 1.4 ശതമാനവും 1.7 ശതമാനവും ഇടിഞ്ഞു. ഫ്രാങ്ക്ഫർട്ട്, മിലാൻ ഓഹരികൾ യഥാക്രമം രണ്ട് ശതമാനവും 2.5 ശതമാനവും ദുർബലമായി.

ഇന്ത്യയുടെ ധനസ്ഥിതി ​ദുർബലം

വാക്സിനുകളുടെ അഭാവത്തിൽ യുഎസിലെയും യൂറോപ്യൻ യൂണിയനിലെയും കൊവിഡ് -19 കേസുകൾ ത്വരിതപ്പെടുത്തുന്നതായുളള റിപ്പോർട്ടുകൾ ഏഷ്യ-പസഫിക്കിലുടനീളമുള്ള നിക്ഷേപകരെ പരിഭ്രാന്തിയിലാഴ്ത്തി. ഇവർ വിറ്റഴിക്കൽ ട്രെൻഡിലേക്ക് നീങ്ങാനും ഇത് കാരണമായി. യുഎസ് ഉത്തേജക പാക്കേജിന്റെ കാലതാമസം വീണ്ടെടുക്കൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത് ഇതിന്റെ വേ​ഗത വർധിപ്പിക്കുകയും ചെയ്തു. ജപ്പാനിലെ നിക്കി അര ശതമാനം കുറവും ഏഷ്യ ഡൗ 1.6 ശതമാനവും കുറവും രേഖപ്പെടുത്തി. ഹോങ്കോങ്ങിന്റെ ഹാംഗ്‍സെങ് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞതായി പ്രമുഖ ബിസിനസ് മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യയുടെ ധനസ്ഥിതി വളരെ ദുർബലമാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വ്യക്തമാക്കിയതും നിക്ഷേപകരെ തളർത്തി. സർക്കാരിന്റെ ഏറ്റവും പുതിയ ധനപരമായ നടപടികൾ രാജ്യത്തിന്റെ വളർച്ചാ സാധ്യതകളിൽ നേരിയ തോതിൽ മാത്രമേ സ്വാധീനം ചെലുത്തുകയൊള്ളുവെന്നും മൂഡിസ് അറിയിച്ചു. "2020-21ൽ ഇന്ത്യയുടെ ജിഡിപി 11.5 ശതമാനം കുറയുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു, അതിനാൽ തന്നെ ഇന്ത്യൻ സർക്കാരിന്റെ ഉത്തേജക നടപടികൾ ചെറിയ ഉത്തേജനം മാത്രമേ സമ്പദ്ഘ‌ടനയ്ക്ക് നൽകൂ," മൂഡീസ് റിപ്പോർട്ട് പറയുന്നു.

ബുധനാഴ്ച വരെ ബെഞ്ച്മാർക്ക് സൂചികകൾ സ്കോർ ചെയ്ത 10 ദിവസത്തെ റാലിയുടെ പിന്നിൽ നിക്ഷേപകർ ലാഭം ബുക്ക് ചെയ്തു. കഴിഞ്ഞ പത്ത് ട്രേഡിംഗ് സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏഴ് ശതമാനം വീതം ഉയർന്നതായി എസിഇ ഇക്വിറ്റി ഡാറ്റ കാണിക്കുന്നു. നിഫ്റ്റി ഐടി സൂചിക ഇൻട്രാ-ഡേ ട്രേഡിൽ ഏകദേശം നാല് ശതമാനം ഇടിഞ്ഞു. ബിഎസ്ഇ ഐടി സൂചിക ഇന്ന് പുലർച്ചെ 22,808 എന്ന റെക്കോഡിൽ നിന്ന് അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. 2020 -21 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഐടി സൂചിക 74 ശതമാനം ഉയർന്ന് വിപണിയെ മറികടന്നിരുന്നു. ബിഎസ്ഇ സെൻസെക്സ് 38 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്തായിരുന്നു ഐടി സൂചികയുടെ ഈ വൻ നേട്ടം.

Follow Us:
Download App:
  • android
  • ios