പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഡാബർ ഇന്ത്യയുടെ ഓഹരി വിലയിൽ 4 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ 20 ആഴ്ചയിലെ ഏറ്റവും വലിയ തകർച്ചയാണിത്. ഉൽപ്പന്നങ്ങളിലെ '100 ശതമാനം' പോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) നടപടിയെടുത്തതിന് പിന്നാലെയാണിത്. തുടർന്ന് കമ്പനിയുടെ ചില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.
മുൻനിര എഫ്.എം.സി.ജി (FMCG) കമ്പനിയായ ഡാബർ ഇന്ത്യയുടെ (Dabur India) ഓഹരികളിൽ വൻ ഇടിവ്. ബ്ലൂംബെർഗിന്റെ (Bloomberg) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 20 ആഴ്ചകളിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവോടെ കമ്പനിയുടെ ഓഹരി വില 4 ശതമാനം ഇടിഞ്ഞ് 406.15 രൂപയിലെത്തി. മുൻപത്തെ ക്ലോസിംഗ് നിരക്ക് 424.40 രൂപയായിരുന്നു. ഓഹരി വിലയിലുണ്ടായ തകർച്ചയോടെ ഡാബർ ഇന്ത്യയുടെ വിപണി മൂല്യം (Market Capitalisation) 72,288 കോടി രൂപയായി ഇടിഞ്ഞു. 2026 മാർച്ച് 30-ന് രേഖപ്പെടുത്തിയ, 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 401.05 രൂപയ്ക്ക് തൊട്ടടുത്താണ് നിലവിൽ ഓഹരിയുടെ വിപണി വില എത്തിയത്.
എന്തുകൊണ്ട് ഈ തകർച്ച?
ഉല്‍പ്പന്നങ്ങളില്‍ '100 ശതമാനം' എന്ന അവകാശവാദം ഉന്നയിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ ചില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ അവ്യക്തവും ശാസ്ത്രീയമായി തെളിയിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തേന്‍, ആപ്പിള്‍ സൈഡര്‍ വിനാഗിരി, വെളിച്ചെണ്ണ, നല്ലെണ്ണ, പശുവിന്‍ നെയ്യ്, കരിക്കിന്‍ വെള്ളം, തേങ്ങാപ്പാല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ക്കെതിരെയാണ് തിങ്കളാഴ്ച എഫ്എസ്എസ്എഐ നടപടിയെടുത്തത്.
ഡാബറിന്റെ വെബ്‌സൈറ്റില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന '100 ശതമാനം പ്രകൃതിദത്തം', '100 ശതമാനം ശുദ്ധം' , '100 ശതമാനം ശുദ്ധത ഉറപ്പ്', '100 ശതമാനം ഓര്‍ഗാനിക്', '100 ശതമാനം ഇളനീര്‍' തുടങ്ങിയ അവകാശവാദങ്ങള്‍ 2018-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം, ഈ ഉല്‍പ്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നോ ഉപയോഗിക്കാന്‍ സുരക്ഷിതമല്ലെന്നോ ഇതിനര്‍ത്ഥമില്ല. ഉല്‍പ്പന്നങ്ങളുടെ ലേബലിലും മാര്‍ക്കറ്റിംഗിലും അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന രീതികളോടാണ് അതോറിറ്റിയുടെ എതിര്‍പ്പ്.
ലേബലുകളിലും പാക്കേജിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും '100 ശതമാനം' എന്ന അവകാശവാദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2025 മേയില്‍ എഫ്എസ്എസ്എഐ ഭക്ഷ്യമേഖലയിലെ എല്ലാ കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ ചട്ടങ്ങളില്‍ ഇത്തരം പദങ്ങള്‍ക്ക് കൃത്യമായ നിര്‍വചനമില്ലെന്നും, ഇവ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ ശുദ്ധിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
എഫ്എസ്എസ്എഐ കണ്ടെത്തിയത് എന്ത്?
ഡാബറിന്റെ ഹിമാലയന്‍ ഓര്‍ഗാനിക് ആപ്പിള്‍ സൈഡര്‍ വിനാഗിരി, ഡാബര്‍ ഓര്‍ഗാനിക് തേന്‍ എന്നിവയില്‍ എഫ്എസ്എസ്എഐയുടെ കൃത്യമായ ഓര്‍ഗാനിക് അംഗീകാരമില്ലാതെ തന്നെ 'ജൈവിക് ഭാരത്' ലോഗോ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യയിലെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അംഗീകൃത മുദ്രയാണ് ജൈവിക് ഭാരത്. ഡാബറിന്റെ ഹോംമെയ്ഡ് തേങ്ങാപ്പാല്‍ '100 ശതമാനം ശുദ്ധം' എന്ന അവകാശവാദത്തോടെയാണ് വിപണനം ചെയ്തിരുന്നതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
തെറ്റിദ്ധരിപ്പിക്കുന്ന ഈ അവകാശവാദങ്ങള്‍ പിന്‍വലിക്കാന്‍ എഫ്എസ്എസ്എഐ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് തൃപ്തികരമായ തിരുത്തല്‍ നടപടികളുണ്ടായില്ല. തുടര്‍ന്നാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ള ഉല്‍പ്പന്നങ്ങളുടെയും സമാനമായ രീതിയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡാബറിന്റെ പ്രതികരണം
എഫ്എസ്എസ്എഐയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഡാബര്‍ പ്രതികരിച്ചു.


