Asianet News MalayalamAsianet News Malayalam

ഏഷ്യൻ വിപണികളിൽ ആശ്വാസം: വിദേശ നിക്ഷേപകർ തിരികെയെത്തുന്നു, 1000 കോടി നേട്ടവുമായി ഇന്ത്യൻ വിപണി

ആഗോള വിപണികൾ COVID-19 ന് മുമ്പുള്ള അവസ്ഥയിലേക്ക് പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

fpi investment report turns positive in October 2020
Author
Mumbai, First Published Oct 11, 2020, 9:34 PM IST

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഒക്ടോബറിൽ ഇതുവരെ 1,086 കോടി രൂപ ഇന്ത്യൻ മൂലധന വിപണികളിൽ നിക്ഷേപിച്ചു. മെച്ചപ്പെട്ട ജിഎസ്ടി വരുമാനം, സാമ്പത്തിക പ്രവർത്തനത്തിലെ ത്വരിതപ്പെടുത്തൽ, ആഗോള സൂചകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രോത്സാഹജനകമായ ഘടകങ്ങളാണ് നിക്ഷേപം ഉയരാനിടയാക്കിയത്. 

ഡെപ്പോസിറ്ററികളുടെ കണക്കുകൾ പ്രകാരം, ഒക്ടോബർ ഒമ്പത് വരെയുളള കാലയളവിൽ വിദേശ നിക്ഷേപകർ 5,245 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു. സമാന കാലയളവിൽ 4,159 കോടി രൂപ ഡെറ്റ് വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഇതോടെ വിപണിയിലേക്കുളള മൊത്തം വരവ് 1,086 കോടി രൂപയായി. 

സെപ്റ്റംബറിൽ എഫ്പിഐകൾ വിപണിയിൽ നിന്ന് 3,419 കോടി രൂപ പിൻവലിച്ചിരുന്നു. 

ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങൾ ഒക്ടോബറിൽ ഇതുവരെയുളള മൊത്തം നിക്ഷേപ വരവിന് സഹായകരമായതായി ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയ്ൻ പറഞ്ഞു.

ഏഷ്യൻ വിപണികൾക്ക് ആശ്വാസം

"പ്രതീക്ഷിച്ചതിലും മികച്ച രീതിയിലുളള രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രകടനം, വർദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം, സമ്പദ് വ്യവസ്ഥയുടെ അൺലോക്ക് പ്രവർത്തനങ്ങൾ എന്നിവ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാകാൻ ഇന്ത്യയെ സഹായിക്കുന്നു, ”ജെയ്ൻ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റോർഡേർഡിനോട് പറഞ്ഞു.

കൂടാതെ, ആഗോള വിപണികൾ COVID-19 ന് മുമ്പുള്ള അവസ്ഥയിലേക്ക് പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഏഷ്യൻ വിപണികളായ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ എന്നിവടങ്ങളിലും ഈ ആഴ്ച എഫ്പിഐ പോസിറ്റീവ് മുന്നേറ്റം ദൃശ്യമായി. രൂപ X ഡോളർ പ്രകടനം 74 ൽ നിന്ന് 73.1 ലേക്ക് മെച്ചപ്പെ‌ട്ടതും ഡോളർ സൂചികയിലെ തിരുത്തലും എഫ്പിഐയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിനെ പിന്തുണയ്ക്കുന്നു, ”പിസിജി, കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റുസ്മിക് ഓസ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകളുടെ ധനനയ നിലപാട് നിക്ഷേപകർക്ക് അനുകൂലമായി തുടരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം വരവ് ഉറപ്പാക്കുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

ആഗോള തലത്തിൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വർദ്ധിച്ചുവരുന്ന കോവിഡ് -19 അണുബാധകളും യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കവും എഫ്പിഐ പ്രവാഹത്തെ സ്വാധീനിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios