മുംബൈ: കൊറോണ വൈറസ് വ്യാപനം കൂടുന്നതും യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കം ഉൾപ്പെടെയുള്ള ആഭ്യന്തര, ആഗോള ഘടകങ്ങൾ മൂലം ജൂലൈയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ വിപണികളിൽ അറ്റ ​​വിൽപ്പനക്കാരായി തുടർന്നു. വിദേശ നിക്ഷേപകർ 2,336 കോടി രൂപ ഇക്വിറ്റികളിൽ നിക്ഷേപിച്ചെങ്കിലും 2,422 കോടി രൂപ ഡെറ്റ് വിഭാ​ഗത്തിൽ നിന്ന് പിൻ‌വലിച്ചതായി ജൂലൈ ഒന്ന് മുതൽ 24 വരെയുളള കാലയളവിലെ ഡിപ്പോസിറ്ററി ഡേറ്റ വ്യക്തമാക്കുന്നു. 

ഇന്ത്യൻ വിപണികളിൽ നിന്ന് ഇക്കാലയളവിൽ മൊത്തം 86 കോടി രൂപ പുറത്തേക്ക് പോയി.

ഇന്ത്യൻ വിപണികളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് എഫ്പി‌ഐകൾ ജാഗ്രത പുലർത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് ഉണ്ട്. യുഎസും ചൈനയും തമ്മിൽ പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ദുർബലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.