മുംബൈ: ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഇന്ത്യ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട് (സെബി) മാപ്പ് പറഞ്ഞു. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങളാണ് ഇന്ത്യയിലെ ആറ് ഡെറ്റ് പദ്ധതികൾ അടച്ചുപൂട്ടാൻ കാരണമായതെന്ന് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ആഗോള പ്രസിഡന്റ് ജെന്നിഫർ എം ജോൺസന്റെ അഭിപ്രായത്തിൽ വിപണി റെഗുലേറ്ററായ സെബി നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കമ്പനിയുടെ മാപ്പ് പറച്ചിൽ. 

“നിരുപാധികമായ ക്ഷമാപണം” എന്നാണ് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിൽ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ചില ഫണ്ടുകളിൽ ഉയർന്ന അപകടസാധ്യതയുണ്ടെന്നും വ്യാഴാഴ്ച സെബി പ്രസ്താവന ഇറക്കിയിരുന്നു. 

ഏപ്രിൽ 23 ന്, ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഇന്ത്യ ആറ് ഡെറ്റ് പദ്ധതികൾ ദ്രവ്യതയില്ലായ്മയും വീണ്ടെടുക്കൽ സമ്മർദ്ദവും കാരണം അവസാനിപ്പിച്ചിരുന്നു. മെയ് ഒന്നിന് കമ്പനിയുടെ പാദ ഫലങ്ങൾ പ്രഖ്യാപിച്ച വേളയിൽ ജെന്നിഫർ എം ജോൺസൺ സെബിയുടെ നിയമങ്ങൾക്കെതിരെ രം​ഗത്തെത്തി. സെബിയുടെ നിയമങ്ങളാണ് പദ്ധതികൾ അവസാനിപ്പിക്കാൻ കാരണമെന്നായിരുന്നു അവരുടെ പ്രതികരണം.