കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചത് ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കി. ഈ തീരുമാനം കല്യാണ്‍ ജ്വല്ലേഴ്‌സ്, ടൈറ്റന്‍ തുടങ്ങിയ ജ്വല്ലറി കമ്പനികളുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചു. എന്നാൽ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് പോലുള്ള ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ക്ക് നേട്ടമായി.

ഓഹരി വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . സ്വര്‍ണ്ണാഭരണ വിപണിയിലെ പ്രമുഖരായ കല്യാണ്‍ ജ്വല്ലേഴ്‌സ്, ടൈറ്റന്‍ തുടങ്ങിയവരുടെ ഓഹരി വില ഇടിഞ്ഞപ്പോള്‍, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ ഓഹരികള്‍ വലിയ നേട്ടമുണ്ടാക്കി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ജ്വല്ലറി ഓഹരികളില്‍ വലിയ വിറ്റഴിക്കലാണ് നടന്നത്. സ്വര്‍ണവില ഉയരുന്നത് ആഭരണങ്ങളുടെ ആവശ്യകത കുറയ്ക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ ഇതിന് പ്രേരിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ജ്വല്ലറി ഓഹരികള്‍ക്ക് തിരിച്ചടി

കല്യാണ്‍ ജ്വല്ലേഴ്‌സ്: ഓഹരി വിലയില്‍ 5.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സെന്‍കോ ഗോള്‍ഡ്: 3.4 ശതമാനം താഴ്ന്നു.

ടൈറ്റന്‍ കമ്പനി (തനിഷ്‌ക്): 1.5 ശതമാനം ഇടിവ്.

സ്‌കൈ ഗോള്‍ഡ്, പി.എന്‍ ഗാഡ്ഗില്‍, തങ്കമയില്‍ ജ്വല്ലറി: ഇവരുടെ ഓഹരികള്‍ 3.6 മുതല്‍ 4.5 ശതമാനം വരെ താഴ്ന്നു.

ആഗോള വിപണിയിലെ വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും നിലനില്‍ക്കെ, നികുതി കൂടി കൂട്ടിയത് ജ്വല്ലറി മേഖലയ്ക്ക് വലിയ പ്രഹരമാണെന്ന് വിദഗ്ധര്‍ പറയുന്നു. വിവാഹ സീസണിലും മറ്റും സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത് കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കാം.

കുതിച്ചുയര്‍ന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍

ജ്വല്ലറി ഓഹരികള്‍ തകര്‍ന്നപ്പോള്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്ന കമ്പനികള്‍ക്ക് ഇത് അനുകൂലമായി. സ്വര്‍ണവില കൂടുമ്പോള്‍ പണയം വെച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നതാണ് ഇവര്‍ക്ക് ഗുണകരമായത്.

ഐഐഎഫ്എല്‍ ഫിനാന്‍സ്: ഓഹരി വിലയില്‍ 7.1 ശതമാനം വര്‍ധന.

മുത്തൂറ്റ് ഫിനാന്‍സ്: 4 ശതമാനം നേട്ടം.

മണപ്പുറം ഫിനാന്‍സ്: 3.9 ശതമാനം നേട്ടം.