ഓഹരി വിപണിയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള പാദത്തില്‍ 4.5 ബില്യൺ ഡോളർ ഇന്ത്യൻ ഓഹരികൾ വില്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കാനുളള വലിയ ശ്രമം അന്താരാഷ്ട്ര പണ മാനേജര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായാണ് വിപണി റിപ്പോര്‍ട്ടുകള്‍. 1999 ന് ശേഷമുളള ഏറ്റവും വലിയ പാദ പിന്‍വലിക്കലിനാണ് ജൂണ്‍ ആഗസ്റ്റ് പാദം സാക്ഷ്യം വഹിച്ചത്. 

ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് സെപ്റ്റംബറിന്‍റെ ആദ്യ ആഴ്ചയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 4,263.79 കോടി രൂപയാണ്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപകര്‍ക്കുളള സര്‍ചാര്‍ജ് പിന്‍വലിച്ചെങ്കിലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പിന്‍വലിക്കാനുളള താല്‍പര്യം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതായാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറ് വരെയുളള കണക്കുകള്‍ പ്രകാരമാണിത്. 

2014 ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോഴുളള നിക്ഷേപ സൗഹാര്‍ദ്ദ വികാരം ഇപ്പോള്‍ നഷ്ടപ്പെട്ടതായി ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് സല്‍മാന്‍ അഹമ്മദ് അഭിപ്രായപ്പെടുന്നു.

കാർ വിൽപ്പന ഏറ്റവും വേഗതയിൽ ഇടിയുകയും മൂലധന നിക്ഷേപത്തില്‍ തളര്‍ച്ചയുണ്ടാകുകയും തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് താഴുകയും രാജ്യത്തിന്റെ ബാങ്കിംഗ് സമ്പ്രദായം ലോകത്തിലെ ഏറ്റവും മോശം വായ്‌പാ അനുപാതത്തിലേക്ക് നീങ്ങുകയും ചെയ്തത് നിക്ഷേപകരില്‍ പിന്‍വാങ്ങാനുളള ചിന്ത വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തിങ്കളാഴ്ചത്തെ എണ്ണവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ആകെ ക്രൂഡ് ആവശ്യകതയുടെ 83.7 ശതമാനവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ ഓഹരി വിപണിയിലെ സമ്മര്‍ദ്ദം ഇനിയും വര്‍ധിച്ചേക്കും. 

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ വിൽക്കുന്നതും രാജ്യത്തിന്റെ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതും ഉൾപ്പെടുന്ന ആവശ്യമായ പരിഷ്കാരങ്ങളുടെ ഒരു നീണ്ട പട്ടികയിലേക്ക് സര്‍ക്കാര്‍ നീങ്ങുമ്പോഴും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണെന്ന് ദി പ്രിന്‍റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റോണേ ജോയ് മസുംദാര്‍ ജെന്നറ്റെ റോഡ്രിഗസ് എന്നിവര്‍ അഭിപ്രായപ്പെടുന്നു. സമ്പദ്‌വ്യവസ്ഥ ശരിയാക്കിയില്ലെങ്കിൽ, ആളുകൾ അദ്ദേഹത്തെ (മോദിയെ) വെല്ലുവിളിക്കാൻ തുടങ്ങുമെന്ന് സെപ്റ്റംബർ 5 ന് പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. 

ഇന്ത്യ ഒരു ആകർഷകമായ നിക്ഷേപ കേന്ദ്രമാണ്, വലിയൊരു വിപണിയും പ്രാദേശിക പ്രതിഭകളെയും രാഷ്ട്രീയ സ്ഥിരതയും അഴിമതി രഹിതവും പരിഷ്കരണ ലക്ഷ്യമുള്ളതുമായ നിക്ഷേപാന്തരീക്ഷം സർക്കാർ വാഗ്ദാനം ചെയ്യുന്നുവെന്ന് മന്ത്രി രവിശങ്കർ പ്രസാദ് ഈ അടുത്ത് നടന്ന ഒരു വ്യവസായ പരിപാടിയിൽ പറഞ്ഞു.

ഇന്ത്യയുടെ പല പ്രശ്‌നങ്ങളും മോഡിക്ക് മുമ്പുള്ളതാണെങ്കിലും, സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നത് നിരാശാജനകമാണെന്ന് അദ്ദേഹത്തിന്‍റെ വിമർശകർ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ 86 ശതമാനം കറൻസിയും അസാധുവാക്കാനുള്ള അദ്ദേഹത്തിന്റെ 2016 ലെ തീരുമാനവും, 2017 ലെ അദ്ദേഹത്തിന്റെ ചരക്ക് സേവന നികുതി പരിഷ്കരണവും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതായും ലേഖനം അഭിപ്രായപ്പെടുന്നു.