ദില്ലി: ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി 2024 ആകുമ്പോഴേക്കും 99 ബില്യൺ ഡോളർ വലിപ്പം ആർജ്ജിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പഠനം. 27 ശതമാനം വാർഷിക വളർച്ചയാണ് പ്രവചിക്കുന്നത്. ഓൺലൈൻ പലചരക്ക് വിപണിയിൽ റിലയൻസ് ഇന്റസ്ട്രീസ് അപ്രമാദിത്വം നേടുമെന്നും റിപ്പോർട്ട് പറയുന്നു.

കൊവിഡ് 19 നെ തുടർന്ന് ഓൺലൈൻ വിപണിയിൽ മൂന്ന് മാസം കൊണ്ട് മൂന്ന് വർഷം കൊണ്ടുണ്ടാവേണ്ട വ്യാപ്തി നേടാനായിട്ടുണ്ട്.  വാട്സ്ആപ്പുമായി ചേർന്ന് ഇന്ത്യൻ ഇ-കൊമേഴ്സ് വിപണിയിൽ പ്രവേശിക്കാനാണ് റിലയൻസിന്റെ ശ്രമം. 

ഇത് ഓൺലൈൻ പലചരക്ക് വിപണിയിൽ വൻ സ്വാധീനം നേടാൻ റിലയൻസിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.  ജിയോ പ്ലാറ്റ്ഫോമുകളിൽ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക് വാങ്ങിയത്. ജിയോ മാർട്ട് എന്നാണ് റിലയൻസിന്റെ ഓൺലൈൻ വിപണിയുടെ പേര്. 

ഓൺലൈൻ ഗ്രോസറി വിപണിയിൽ ഗോൾഡ്‌മാൻ സാക് റിപ്പോർട്ട് പ്രകാരം 2019-ൽ 80 ശതമാനവും ബിഗ് ബാസ്‌കറ്റും ഗ്രോഫേർസുമാണ് കയ്യടക്കിയിരിക്കുന്നത്. പ്രതിവർഷം 50 ശതമാനം വളർച്ചയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ വിപണിയിൽ ഉണ്ടായത്. എന്നാൽ കൊവിഡ് 19 ന്റെ മാറ്റവും ജിയോ മാർട്ടിന്റെ രംഗപ്രവേശവും ഈ വിപണിയിൽ 81 ശതമാനം വളർച്ച നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.