ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 1 BHK ഫ്ലാറ്റുകളുടെ ലഭ്യത ഗണ്യമായി കുറയുകയാണ്. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നിർമ്മാണച്ചെലവും ലാഭവും കണക്കിലെടുത്ത് ബിൽഡർമാർ വലിയ ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് താല്പര്യപ്പെടുന്നത്.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിന്ന് 'വണ്‍ ബിഎച്ച്‌കെ' ഫ്‌ലാറ്റുകള്‍ പതുക്കെ അപ്രത്യക്ഷമാകുകയാണോ? പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി ഇറങ്ങുന്ന സാധാരണക്കാര്‍ക്ക് എന്നും ആദ്യ ആശ്രയം 1 ബിഎച്ച്‌കെ ഫ്‌ലാറ്റുകളായിരുന്നു. എന്നാല്‍, ഇന്ന് ആവശ്യക്കാരുണ്ടായിട്ടും ഇത്തരം ചെറിയ ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ ബില്‍ഡര്‍മാര്‍ താല്പര്യം കാണിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ 13% പേരും തെരയുന്നത് 1 ബിഎച്ച്‌കെ ഫ്‌ലാറ്റുകളാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമായ ആകെ ഫ്‌ലാറ്റുകളില്‍ 5% മാത്രമാണ് വണ്‍ ബിഎച്ച്‌കെകള്‍! അതേസമയം, മറ്റ് ഫ്‌ലാറ്റുകളുടെ വിപണി നിലവാരം കൂടി നോക്കാം.

2 ബിഎച്ച്‌കെ: 42% ആവശ്യക്കാര്‍ | 32% ലഭ്യത

3 ബിഎച്ച്‌കെ: 37% ആവശ്യക്കാര്‍ | 46% ലഭ്യത

3 ബിഎച്ച്‌കെ (അതില്‍ കൂടുതല്‍): 8% ആവശ്യക്കാര്‍ | 17% ലഭ്യത

എവിടെപ്പോയി 1 ബിഎച്ച്‌കെകള്‍?

ബില്‍ഡര്‍മാര്‍ ചെറിയ ഫ്‌ലാറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പിന്നില്‍ വ്യക്തമായ സാമ്പത്തിക കാരണങ്ങളുണ്ട്. ഫ്‌ലാറ്റിന്റെ വലിപ്പം കുറച്ചതുകൊണ്ട് മാത്രം പദ്ധതിയുടെ മൊത്തം ചെലവ് ആനുപാതികമായി കുറയില്ല. സ്ഥലം വാങ്ങുന്നതിനുള്ള ചെലവ്, അനുമതികള്‍, ലിഫ്റ്റ്, മറ്റ് പൊതുസൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് ചെറിയ ഫ്‌ലാറ്റിനും വലിയ ഫ്‌ലാറ്റിനും ഒരുപോലെയാണ്. എന്നാല്‍ വലിയ ഫ്‌ലാറ്റുകള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കാന്‍ സാധിക്കും.

വലിയ ഫ്‌ലാറ്റുകള്‍ക്ക് പെട്ടെന്ന് വാങ്ങാളെ കിട്ടുമെന്നതും ബില്‍ഡര്‍മാരെ ആകര്‍ഷിക്കുന്നു. '2 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ ഫ്‌ലാറ്റുകള്‍ക്ക് വിപണിയില്‍ വലിയ ആവശ്യക്കാരുണ്ട്. ഇത് വേഗത്തിലുള്ള വില്‍പനയ്ക്ക് സഹായിക്കുന്നു. അതിനാല്‍ മൊത്തത്തിലുള്ള പദ്ധതി സാമ്പത്തികം നോക്കുമ്പോള്‍ വലിയ ഫ്‌ലാറ്റുകളാണ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ലാഭകരം.