മുംബൈ: ഏപ്രില്‍ മാസത്തെ അവസാന വ്യാപാര ദിവസം ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മുന്നേറ്റം. വെള്ളിയാഴ്ച 70.1 എന്ന താഴ്ന്ന നിലയില്‍ നിന്ന് ഇന്ന് 24 പൈസ മൂല്യം ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 69.77 എന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇടപെടുമെണ സൂചനകളാണ് പ്രധാനമായും ഇന്ത്യന്‍ നാണയത്തിന് തുണയായത്. 

മെയ് രണ്ട് മുതല്‍ പൂര്‍ണമായും ഇറാന്‍ എണ്ണ നിലയ്ക്കുന്നതോടെ ഒപെക് ഉല്‍പാദനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. യുഎസ് ഇതിനായി ഒപെക് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്ന് വര്‍ദ്ധനവുണ്ടായി. 

ആഗോള വിപണിയില്‍ ബാരലിന് 72.26 ഡോളറാണ് ഇന്നത്തെ ഇന്ധന വില. ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇപ്പോഴും രൂപയ്ക്ക് ഭീഷണിയാണ്.