ഷ്ടം തുടരുന്ന ആഭ്യന്തര ഓഹരി വിപണി തിങ്കളാഴ്ച തുടർച്ചയായ നാലാം സെഷനിലും ഇടിവ് നേരിട്ടു. ചൊവ്വാഴ്ച (ഓഗസ്റ്റ് നാല്) ആരംഭിക്കുന്ന റിസർവ് ബാങ്ക് ധനനയ അവലോകന യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാലാണ് സാമ്പത്തിക ഓഹരികളിൽ ഇടിവുണ്ടായത്. 

ബി‌എസ്‌ഇ സെൻ‌സെക്സ് ഇന്ന് 667 പോയിൻറ് അഥവാ 1.77 ശതമാനം ഇടിഞ്ഞ് 36,940 ൽ എത്തി. 30 ഓഹരികളിൽ 24 എണ്ണവും നെഗറ്റീവ് മാർക്കിലായിരുന്നു, ബാക്കി ആറ് എണ്ണത്തിൽ മുന്നേറ്റം ഉണ്ടായി. ആർ‌ഐ‌എൽ, എച്ച്ഡി‌എഫ്സി ബാങ്ക്, എച്ച്ഡി‌എഫ്സി, ഇൻ‌ഫോസിസ് എന്നിവയാണ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവർ. 

എൻ‌എസ്‌ഇയുടെ നിഫ്റ്റി നിർണായക 11,000 ലെവലിനേക്കാൾ താഴ്ന്ന് 10,900 ൽ അവസാനിക്കുകയും ചെയ്തു, 174 പോയിൻറ് അഥവാ 1.57 ശതമാനമാണ് ഇടിവ്. വിപണിയിലെ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്ന ഫലങ്ങളാണ് ഇന്ന് പുറത്തുവന്നവയെല്ലാം. 

മേഖലാടിസ്ഥാനത്തിൽ നിഫ്റ്റി ബാങ്കാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക് 505 പോയിന്റ് അഥവാ രണ്ട് ശതമാനം ഇടിഞ്ഞ് 21,135 ലെവലിൽ. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞ് 11,531 ലെവലിൽ എത്തി. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 0.5 ശതമാനം ഉയർന്ന് 1,419 ലെവലിലും എത്തി.

എച്ച്എസ്ബിസിയു‌ടെ മുന്നറിയിപ്പ്

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.31 ശതമാനം ഇടിഞ്ഞ് 13,717 ലും ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനം ഉയർന്ന് 13,155 ലും എത്തി. ലോറസ് ലാബ്സിന്റെ ഓഹരികൾ 15 ശതമാനത്തിലധികം കുതിച്ചുകയറി ബി‌എസ്‌ഇയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 1,080 രൂപയിലെത്തി. 2020 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി മികച്ച പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഓഹരി വില എട്ട് ശതമാനം ഉയർന്ന് 1,006 രൂപയിൽ അവസാനിച്ചു.

ചൈനീസ് ഉൽപ്പാദന ഡാറ്റ മെച്ചപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ജർമ്മൻ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച മെച്ചപ്പെട്ടു. എന്നാൽ, കിട്ടാക്കടം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസിയുടെ മുന്നറിയിപ്പ് ബാങ്കിംഗ് ഓഹരികളുടെ പ്രകടനം മോശമാക്കി. എച്ച്എസ്ബിസി റിപ്പോർട്ടിനെ ഏറെ ആശങ്കയോടെയാണ് യൂറോപ്യൻ വിപണി വീക്ഷിക്കുന്നത്.  

കമ്മോഡിറ്റികളിൽ, കൊവിഡ് -19 കേസുകളിലെ വർധനവിനെ തുടർന്ന് ആ​ഗോള സാമ്പത്തിക രം​ഗം തകർച്ചയിലേക്ക് നീങ്ങിയേക്കും എന്ന ആശങ്കകൾ സ്വർണത്തിന്റെ നിരക്ക് തിങ്കളാഴ്ച റെക്കോർഡ് നിലവാരത്തിലേക്ക് എത്തിച്ചു. യുഎസ് ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടത് ലോഹത്തിന്റെ മുന്നേറ്റത്തെ നേരിയ തോതിൽ പ്രതിരോധിച്ചു.

ആ​ഗോള സാമ്പത്തിക രം​ഗത്തെ മാന്ദ്യ സൂചനകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഒപെക്കും സഖ്യകക്ഷികളും ഓഗസ്റ്റിൽ ഉൽപാദന വെട്ടിക്കുറവ് വരുത്താനൊരുങ്ങുന്നതിനിടയിലും എണ്ണവിലയിൽ ഇടിവ് റിപ്പോർട്ട് ചെയ്തു.