മുംബൈ: മാന്ദ്യത്തെ പ്രതിരോധിക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ ഫലം കാണുന്നതിന്‍റെ സൂചനകളുമായി ഇന്ത്യന്‍ ഓഹരി വിപണിയിലെ ആദ്യ മണിക്കൂര്‍. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറില്‍ മുംബൈ ഓഹരി സൂചിയായ സെന്‍സെക്സ് 300 പോയിന്‍റ് ഉയര്‍ന്ന് (0.08 ശതമാനം) 37,000 ത്തിലേക്കെത്തി. സ്റ്റേറ്റ് ബാങ്ക്, യെസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ്. ആദ്യ സൂചനകള്‍ പ്രകാരം നിഫ്റ്റി 89 പോയിന്‍റ് ഉയര്‍ന്ന് (0.8 ശതമാനം) 10,900 പോയിന്‍റിലെത്തി. നിഫ്റ്റിയിലെ പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നേട്ടത്തിലാണ്.  എന്നാല്‍, നിഫ്റ്റിയിലെ മെറ്റല്‍ ഓഹരികള്‍ നഷ്ടത്തിലാണ്. 

സമ്പദ്‍വ്യവസ്ഥയില്‍ കണ്ടുതുടങ്ങിയ മാന്ദ്യത്തിന്‍റെ സൂചനകളെ പ്രതിരോധിക്കാനായി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിദേശ നിക്ഷേപങ്ങള്‍ക്ക് ബജറ്റിലൂടെ ചുമത്തിയ അധിക ലെവി പിന്‍വലിച്ചതാണ് അതില്‍ പ്രധാനം. ഓട്ടോമൊബൈല്‍ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമെന്നും പൊതു മേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ മൂലധനമായി നല്‍കുമെന്ന ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.