പ്രതിസന്ധിയുടെയും ആശങ്കയുടെയും ആഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഇന്ന് റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 0.5 ശതമാനം ഉയർന്ന് 12,337 എന്ന പുതിയ ഉയരത്തിലെത്തി. സെൻസെക്സും 250 പോയിൻറ് ഉയർന്ന് 41,893 ലെത്തി. 

സെൻ‌സെക്സ് 30 ഓഹരികളിൽ‌ ഇൻ‌ഫോസിസാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇന്‍ഫോസിസ് ഓഹരികള്‍ നാല് ശതമാനം ഉയർ‌ന്നു. വിസിൽബ്ലോവർ പരാതികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ എക്‌സിക്യുട്ടീവുകൾ സാമ്പത്തിക ദുരുപയോഗം നടത്തിയതായി തെളിവുകളൊന്നും ലഭിച്ചില്ലെന്ന് വെള്ളിയാഴ്ച വിപണി അവസാനിച്ചതിന് ശേഷം മൂന്നാം പാദ വരുമാനം പ്രഖ്യാപിച്ച ഇന്‍ഫോസിസ് വ്യക്തമാക്കി.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. ഇൻഫോസിസ് മൂന്നാം പാദ പ്രകടനവും ഈ വർഷത്തെ വരുമാന പ്രവചനവും ഉയർത്തി.

നവംബര്‍ മാസത്തെ വ്യവസായ ഉല്‍പാദന സൂചികയിലുണ്ടായ (ഐഐപി) വര്‍ധനയും വിപണിയുടെ കുതിപ്പിന് കാരണമായി. നവംബറില്‍ രാജ്യത്തെ വ്യവസായ ഉല്‍പാദനം 1.8 ശതമാനം എന്ന റെക്കോര്‍ഡ് നിരക്കിലാണ്. വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക രേഖയിലാണ് വിവരങ്ങളുളളത്. മൂന്ന് മാസത്തെ ഇടിവിന് ശേഷമാണ് നവംബറില്‍ മുന്നേറ്റമുണ്ടായത്. 

"മൂന്നുമാസത്തെ സങ്കോചത്തിനുശേഷം ഐ‌ഐ‌പി പോസിറ്റീവ് ആയി മാറുന്നതിനാൽ ഇത് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു നല്ല സൂചനയാണ്. ഉപഭോഗ കാഴ്ചപ്പാടിൽ, ഉപഭോക്തൃ നോൺ-ഡ്യൂറബിൾസ് പോസിറ്റീവ് ആയി മാറിയെന്ന് സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും, ഉപഭോക്തൃ ഡ്യൂറബിളുകൾ ഇപ്പോഴും നെഗറ്റീവ് ദിശയിലാണ്, കഴിഞ്ഞ ആറുമാസമായി ഈ അവസ്ഥ തുടരുകയാണ്”, ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധൻ ദീപ്തി മാത്യു പറഞ്ഞു.

ഏഷ്യന്‍ വിപണികളില്‍ ആശ്വാസത്തിന്‍റെ സൂചനകളാണ് തിങ്കളാഴ്ചത്തെ ആദ്യ മണിക്കൂറുകളില്‍ കാരണാനാകുന്നത്. ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്ക- ചൈന വ്യാപാര കരാറിന് ധാരണയായതാണ് പ്രധാനമായും ഏഷ്യന്‍ വിപണികളെ ശക്തിപ്പെടുത്തിയത്. 

സോള്‍, ഹോങ്കോങ് ഓഹരി വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ സിഡ്നി, ഷാങ്ഹായ് വിപണികള്‍ സമ്മര്‍ദ്ദത്തിലാണ്. ബുധനാഴ്ചയോടെ വ്യാപാര യുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ആദ്യഘട്ട വ്യാപാര കരാറില്‍ അമേരിക്കയും ചൈനയും ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ രൂപയുടെ മൂല്യവും ഡോളറിനെതിരെ മെപ്പപ്പെട്ട നിലവാരത്തിലേക്ക് കയറി. ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് ഇന്ത്യന്‍ നാണയം.