കൊറോണ വൈറസ് (കൊവിഡ് -19) പകർച്ചവ്യാധിയെ തുടർന്നുളള സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ നയ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഭ്യന്തര ഓഹരി വിപണിയിൽ വ്യാപാര മുന്നേറ്റം. കേന്ദ്ര ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ച് നിരക്ക് 3.75 ശതമാനമാക്കി. സിഡ്ബിക്ക് 15,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസ് സൗകര്യവും പ്രഖ്യാപിച്ചു. നബാർഡിന് 25,000 കോടി രൂപയുടെ ധനവിഹിതവും എച്ച്എഫ്‌സിക്ക് 10,000 കോടി രൂപയും അടക്കമുളള നയ തീരുമാനങ്ങൾ സമ്മർദ്ദത്തിലായിരുന്ന വിപണിയെ വ്യാപാര നേട്ടത്തിലേക്ക് നയിച്ചു. 

റിസർവ് ബാങ്കിന്റെ നടപടിയെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ മൂന്ന് ശതമാനത്തിലധികം ഉയർന്നു. ബി‌എസ്‌ഇ സെൻസെക്സ് 986 പോയിൻറ് ഉയർന്ന് (3.22 ശതമാനം) 31,588.72 ലെത്തി. ആക്സിസ് ബാങ്ക് (13.5 ശതമാനം ഉയർന്ന്) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക് (10 ശതമാനം), ഇൻഡസ്ഇൻഡ് ബാങ്ക് (9 ശതമാനം), മാരുതി (7 ശതമാനം) എന്നിവയാണ് പട്ടികയിൽ പിന്നീട് ഏറ്റവും നേട്ടം ഉണ്ടാക്കിയ ഓഹരികൾ. 

എൻ‌എസ്‌ഇയിൽ നിഫ്റ്റി 274 പോയിൻറ് അഥവാ 3.05 ശതമാനം ഉയർന്ന് 9,266.75 ൽ അവസാനിച്ചു. 

എൻ‌എസ്‌ഇയിലെ മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്ക് 1,343 പോയിൻറ് അഥവാ 7 ശതമാനം ഉയർന്ന് 20,743 ലെവലിൽ എത്തി, 12 മേഖല സൂചികകളും നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. നിഫ്റ്റി ഓട്ടോ 5.5 ശതമാനം ഉയർന്ന് 5,688.60 ലെവലിൽ എത്തി.

അതേസമയം, നിഫ്റ്റി എഫ്എംസിജി ഒരു ശതമാനം ഇടിഞ്ഞ് 29,201 ലെത്തി. നിഫ്റ്റി ഫാർമ അര ശതമാനം ഇടിഞ്ഞ് 9,159 ലെവലിൽ എത്തി.

എണ്ണവില വീണ്ടും ഇടിഞ്ഞു

വിപണിയിൽ ബി‌എസ്‌ഇ മിഡ്‌കാപ്പ് സൂചിക രണ്ട് ശതമാനം ഉയർന്ന് 11,824 ലും ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക 10,801 ലും അവസാനിച്ചു, അതായത് 2.5 ശതമാനം നേട്ടം.

കൊറോണ വൈറസ് ബാധിച്ച യുഎസ് സമ്പദ്‌വ്യവസ്ഥയെ ക്രമേണ വീണ്ടും തുറക്കാനുള്ള പദ്ധതികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ചതിനുശേഷം ആ​ഗോള ഓഹരി വിപണികൾ വെള്ളിയാഴ്ച 11 ശതമാനം നേട്ടത്തിലേക്ക് കയറി. വെള്ളിയാഴ്ച ശരിക്കും വിപണികൾ സൂപ്പർ ചാർജിലായിരുന്നു.

യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് നിർമ്മിച്ച മരുന്നിനോട് കടുത്ത കോവിഡ് -19 ലക്ഷണങ്ങളുള്ള രോഗികൾ അനുകൂലമായി പ്രതികരിച്ചുവെന്ന റിപ്പോർട്ടുകൾ ടോക്കിയോയെയും (ജാപ്പനീസ്) സോളിനെയും (ദക്ഷിണ കൊറിയ) മൂന്ന് ശതമാനം ഉയർത്താൻ സഹായിച്ചു.

യൂറോപ്യൻ വിപണികളിൽ മികച്ച വ്യാപാര മുന്നേറ്റം റിപ്പോർട്ട് ചെയ്തു.

എണ്ണവിലയിൽ ഇന്ന് ഇടിവ് റിപ്പോർട്ട് ചെയ്തു. ബ്രെന്റ് ക്രൂഡിന് 10 സെൻറ് അഥവാ 0.4 ശതമാനം നിരക്ക് ഇടിഞ്ഞ് ബാരലിന് 27.72 ഡോളറായി. യുഎസ് ക്രൂഡ് സി‌എൽ‌സി 1ന് മെയ് ഡെലിവറിക്ക് 1.54 ഡോളർ അഥവാ 7.8 ശതമാനം ഇടിഞ്ഞ് 18.33 ഡോളറിലെത്തി.