ന്യൂയോർക്ക്: ഒടുവിൽ ജലവും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ! യുഎസ്സിലെ വാൾസ്ട്രീറ്റിൽ സ്വർണവും എണ്ണയും പോലെ ഫ്യൂച്ചേഴ്സ് കമ്മോഡിറ്റിയായി ജലവും വ്യാപാരത്തിനെത്തി. ഭാവിയിൽ ലോകത്ത് ശുദ്ധജല ലഭ്യതയ്ക്ക് വലിയ കുറവ് നേരിട്ടേക്കും എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അവധി വ്യാപാരത്തിലേക്ക് ജലത്തെയും ഉൾപ്പെ‌ടുത്താൻ തീരുമാനിച്ചത്. 

നാസ്ഡാക്ക് വെലസ് കാലിഫോർണിയ ജല സൂചികയിലാണ് (എൻക്യുഎച്ച് 2ഒ) ജലത്തിന്റെ വ്യാപാരം നടക്കുന്നത്. യുഎസ് ഓർഗനൈസേഷനായ സിഎംഇ ഗ്രൂപ്പാണ് സൂചിക സംബന്ധിച്ച കരാർ ആരംഭിച്ചത്. ചിക്കാഗോ ആസ്ഥാനമായുള്ള കമ്പനിയാണിത്. എൻക്യുഎച്ച് 2ഒ ടിക്കർ ഉപയോഗിച്ച്, കാലിഫോർണിയയിലെ ജലസാധ്യത ഇന്ന് ഏക്കറിന് 486.53 ഡോളർ എന്ന നിരക്കിൽ കൈമാറ്റം ചെയ്യപ്പെട്ടതായി ​ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.    

അതായത്, ഭാവിയിൽ കർഷകരും നിക്ഷേപകരും മുനിസിപ്പാലിറ്റികളും ജലത്തിന്റെ വിലയെ പ്രതിരോധിക്കുകയോ പന്തയം വെക്കുകയോ ചെയ്യും, അതിനനുസരിച്ച് സൂചിക മാറിമറിയുന്നതും കാണാം. 1.1 ബില്യൺ ഡോളർ മൂല്യമുളള കാലിഫോർണിയ സ്പോട്ട് വാട്ടർ മാർക്കറ്റുമായി സിഎംഇ ​ഗ്രൂപ്പിന് ബന്ധമുണ്ടെന്നും വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

യു എസിന്റെ പടിഞ്ഞാറൻ തീരത്തെ ചൂടും കാട്ടുതീയും തകർത്തതായും കാലിഫോർണിയ എട്ട് വർഷത്തെ വരൾച്ചയിൽ നിന്ന് ഉയർന്നുവരുന്നതായും, ഡിസംബർ 7 ന് ടിക്കറിൽ വ്യാപാരം ആരംഭിച്ചതായുമാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ പ്രവർത്തനങ്ങളും ലോകമെമ്പാടുമുള്ള കടുത്ത വരൾച്ചയിലേക്ക് നയിക്കുന്നതിനാൽ ജലലഭ്യത ലോകത്ത് കുറയുകയാണ്. ജല സൂചിക സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ​ഗ്ധരടക്കം നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്.