മുംബൈ: വന്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 200 പോയിന്‍റ് ഉയര്‍ന്ന് സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 39,253 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,761 എന്ന ഉയര്‍ന്ന നിലയിലാണ്. 

പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാമത്തെ ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുന്ന കുതിപ്പില്‍ നിക്ഷേപകര്‍ ശുഭപ്രതീക്ഷയിലാണ്. ഇന്നലെയും സെന്‍സെക്സ് റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 184.78 പോയിന്‍റ് ഉയര്‍ന്ന് 39,056.65 എന്ന നിലവാരത്തിലായിരുന്നു സെന്‍സെക്സ്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 44.05 പോയിന്‍റ് ഉയര്‍ന്ന് 11,713.20 എന്ന നിലയിലായിരുന്നു. 

ഫിനാന്‍ഷ്യല്‍, ഓട്ടോ, മെറ്റല്‍ ഓഹരികള്‍ ഇപ്പോള്‍ വന്‍ നേട്ടത്തിലാണ്. ബാങ്കിംഗ് ഓഹരികളില്‍ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികള്‍ ഏറ്റവും മുന്നിലാണ്. മെറ്റല്‍ വിഭാഗം ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ ടോപ്പ് പെര്‍ഫോമിംഗാണ്. ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, ഐഷന്‍ മോട്ടോഴ്സ് തുടങ്ങിയവ ഓട്ടോ വിഭാഗം ഓഹരികളില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. 

ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞമാസം വന്‍ വളര്‍ച്ച കൈവരിച്ചതും, നാളെ പുറത്ത് വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവുണ്ടാകുമെന്ന സൂചനകളുമാണ് ഓഹരി വിപണിയിലെ നേട്ടത്തിനുളള പ്രധാന കാരണങ്ങള്‍. യുഎസ് - ചൈന വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയും ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വര്‍ധന രേഖപ്പെടുത്തിയതുമാണ് ഓഹരി വിപണിയുടെ നേട്ടത്തെ സ്വാധീനിച്ച മറ്റ് പ്രാധാന ഘടകങ്ങള്‍. ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലേക്ക് ഉയര്‍ന്നതോടെ നിക്ഷേപകര്‍ വലിയ ആവേശത്തിലാണ്.