Asianet News MalayalamAsianet News Malayalam

വീണ്ടും നിഫ്റ്റി 10,000 മാർക്ക് മറിക‌ടന്നു; തുടർച്ചയായ ആറാം ദിവസവും നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി

ഭാരതി ഇൻഫ്രാടെൽ, വിപ്രോ, എൻ‌ടി‌പി‌സി, ഇൻ‌ഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി‌സി‌എസ്) തു‌ടങ്ങിയ ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തി. 0.52 ശതമാനത്തിനും 1.75 ശതമാനത്തിനും ഇടയിലാണ് നഷ്ടം.

nifty cross 10,000 mark after covid -19 lock down
Author
Mumbai, First Published Jun 3, 2020, 12:41 PM IST

മുംബൈ: മാർച്ച് 13 ന് ശേഷം ആദ്യമായി നിഫ്റ്റി 50 സൂചിക 10,000 മാർക്ക് മറികടന്നു. തുടർച്ചയായ ആറാം ദിവസത്തെ റാലി തുടരുന്ന ആഭ്യന്തര ഓഹരി വിപണി ബുധനാഴ്ച മികച്ച നേട്ടം കൈവരിച്ചു. സെൻസെക്സ് വ്യാപാര സെഷന്റെ ആദ്യ പകുതിയിൽ 597.18 പോയിൻറ് ഉയർന്ന് 34,422.71 ലേക്ക് എത്തി. നിഫ്റ്റി സൂചിക 10,159.35 ആയി ഉയർന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ ക്ലോസിം​ഗിനെക്കാൾ 180.25 പോയിൻറ് ഉയർന്ന് 10,108.30 ലാണ് വ്യാപാര ദിനം നിഫ്റ്റി ആരംഭിച്ചത്. 

കൊറോണ വൈറസ് പ്രേരിത ലോക്ക്ഡൗണുകളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി പുറത്തുകടക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ് പ്രധാനമായും വിപണിയെ സ്വാധീനിച്ചത്. നിലവിൽ, സെൻസെക്സ് 400.57 പോയിൻറ് അഥവാ 1.18 ശതമാനം ഉയർന്ന് 34,226.10 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 127.90 പോയിന്റ് ഉയർന്ന് 1.28 ശതമാനം ഉയർന്ന് 10,107.00 ൽ എത്തി. 

സാമ്പത്തിക, ഓട്ടോമൊബൈൽ സ്റ്റോക്കുകളുടെ നേതൃത്വത്തിലാണ് വിപണിയുടെ മുന്നേറ്റം. 50 -സ്ക്രിപ്റ്റ് നിഫ്റ്റി ബാസ്കറ്റിൽ, 40 ഓഹരികൾ ഉയർന്നു. ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻ‌സെർവ്, വേദാന്ത, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 4.31 ശതമാനത്തിനും 5.04 ശതമാനത്തിനും ഇടയിലാണ് ഇവയുടെ നേട്ട വ്യാപാരം.

ഭാരതി ഇൻഫ്രാടെൽ, വിപ്രോ, എൻ‌ടി‌പി‌സി, ഇൻ‌ഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി‌സി‌എസ്) തു‌ടങ്ങിയ ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തി. 0.52 ശതമാനത്തിനും 1.75 ശതമാനത്തിനും ഇടയിലാണ് നഷ്ടം.

എച്ച്ഡിഎഫ്സി ബാങ്ക് (2.38 ശതമാനം), ഐസിഐസിഐ ബാങ്ക് (4.07 ശതമാനം), ആക്സിസ് ബാങ്ക് (3.44 ശതമാനം) എന്നിവ മാത്രമാണ് സെൻസെക്‌സിന്റെ നേട്ടത്തിൽ 200 ൽ കൂടുതൽ പോയിന്റുകൾ സംഭാവന ചെയ്തത്.

Follow Us:
Download App:
  • android
  • ios