ജനപ്രിയ ബ്രാൻഡായ "ഓൾഡ് മങ്ക്" റമ്മിന്‍റെ നിര്‍മാതാക്കളായ മോഹൻ മെക്കിന്‍ വീണ്ടും ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. വിപണി ലിസ്റ്റിംഗിന്‍റെ ആദ്യപടിയെന്ന നിലയ്ക്ക് മോഹന്‍ മെക്കിന്‍ മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് (എംഎസ്ഇ) റീ -ലിസ്റ്റിങ്ങിനായിട്ടുളള രേഖകള്‍ സമർപ്പിച്ചു.

അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ റീ-ലിസ്റ്റിംഗിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 

163 വർഷം പഴക്കമുള്ള കമ്പനി നേരത്തെ ദില്ലി, കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഇക്വിറ്റി ഓഹരികൾ ഡി-ലിസ്റ്റ് ചെയ്തിരുന്നു. 16 വര്‍ഷം മുമ്പായിരുന്നു ഇത്. കമ്പനി കഴിഞ്ഞ വർഷം എൻ‌എസ്‌ഇയിൽ വീണ്ടും പട്ടികപ്പെടുത്താൻ അപേക്ഷിച്ചിരുന്നു, എന്നാൽ, എക്സ്ചേഞ്ച് ചില ആശങ്കകൾ ഉന്നയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ കമ്പനി നിര്‍ത്തിവച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമ്മാണ കമ്പനിക്ക് 2003 ൽ ഡി-ലിസ്റ്റിംഗ് സമയത്ത് 4.25 കോടി രൂപയുടെ കരുതൽ ധനവും 27.01 കോടി രൂപയുടെ മിച്ചവും ഉണ്ടായിരുന്നു.

2019 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 33 കോടി രൂപയും മൊത്തം കടം 11 കോടി രൂപയുമായിരുന്നു. കഴിഞ്ഞ വർഷം ഇത് 30 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി 92 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇത് 58 കോടി രൂപയായിരുന്നു.

കമ്പനിയുടെ "ഓൾഡ് മങ്ക്" ബ്രാൻഡിന് വിശ്വസ്തരായ ഉപഭോക്തൃ അടിത്തറയുണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏതാനും സംസ്ഥാന സർക്കാരുകളുടെ വിലക്ക് മദ്യവ്യാപാരത്തെ സ്വാധീനിച്ചുവെങ്കിലും, ഓള്‍ഡ് മോങ്കിന്‍റെയും ഉപഭോഗം ഗണ്യമായി വർദ്ധിക്കുകയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം മദ്യവിഭാഗം 46 ശതമാനം വളർച്ച നേടി.

മോഹാൻ മെക്കിനായുള്ള മൊത്തം വിൽപ്പനയുടെ 80 ശതമാനവും ഓൾഡ് മോങ്കിന്‍റെ സംഭാവനയാണ്. 2019 സാമ്പത്തിക വർഷം ഓൾഡ് മങ്കിന്‍റെ കമ്പനിക്കുളള സംഭാവന ഏകദേശം 758.3 കോടി രൂപയാണ്.

"കിംഗ്ഫിഷർ" ബ്രാൻഡ് വിൽക്കുന്ന യുണൈറ്റഡ് ബ്രുവറീസ്, "മാജിക് മൊമെന്റ്സ്" ബ്രാൻഡ് വിൽക്കുന്ന റാഡിക്കോ ഖൈതാൻ എന്നിവ മദ്യ വിഭാഗത്തിലെ മറ്റ് രണ്ട് ലിസ്റ്റുചെയ്ത കമ്പനികളാണ്.