Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് മികച്ച പ്രകടനം നടത്തി ചൈനീസ് എയർലൈൻ ഓഹരികൾ: പട്ടികയിൽ ഇടം നേടി ഇന്ത്യൻ കമ്പനിയും

സമീപകാലത്ത് എണ്ണവില കുറഞ്ഞത് ഇന്ധനച്ചെലവിനായുളള കമ്പനികളുടെ ചെലവാക്കൽ കുറച്ചിട്ടുണ്ട്. ഈ സവിശേഷ സാഹചര്യം ചൈനീസ് വിമാനക്കമ്പനികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. 

performance of Chinese airline companies stocks in covid -19 pandemic
Author
Mumbai, First Published Sep 10, 2020, 2:46 PM IST

വിപണിയിലെ വ്യാപാര റിപ്പോർട്ടുകളു‌ടെ അടിസ്ഥാനത്തിൽ മികച്ച പ്രകടനമാണ് ചൈനീസ് എയർലൈൻ കമ്പനികൾ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് നടത്തിയിരിക്കുന്നത്. ചൈനീസ് കറൻസിയായ യുവാന്റെ മുന്നേറ്റവും ക്രൂഡ് നിരക്കുകളിൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇടിവും ലോക ജനസംഖ്യയിൽ മുന്നിലുളള ചൈനീസ് ജനതയുടെ യാത്രകളുമാണ് എയർലൈൻ കമ്പനികൾക്ക് തുണയായത്. 

ഈ മേഖലയിലെ ബ്ലൂംബെർഗ് ഗേജിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോകത്തെ മികച്ച 10 എയർലൈൻ ഓഹരികളിൽ ഒമ്പതും ചൈനക്കാരുടേതാണ്, എയർ ചൈന ലിമിറ്റഡ് ഒഴികെ മറ്റെല്ലാ കമ്പനികളും ഇരട്ട അക്ക നേട്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡാണ് പട്ടികയിലെ ചൈനീസ് അല്ലാത്ത ആ ഒറ്റയാൻ. 13 ശതമാനം അഡ്വാൻസുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഇൻഡി​ഗോയുടെ ഉടമകൾ. 22 ശതമാനം നേട്ടം ഉയർത്തിയ സ്പ്രിംഗ് എയർലൈൻസ് കമ്പനിയാണ് പട്ടികയിലെ മികച്ച പ്രകടനം നടത്തിയ ബജറ്റ് എയർലൈൻ.

സർക്കാരുകൾ അഭൂതപൂർവമായ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആളുകൾ യാത്ര ചെയ്യാൻ കൂടുതൽ വിമുഖത കാണിക്കുകയും ചെയ്തതിനാൽ ആഗോള എയർലൈൻ വ്യവസായത്തെ കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിസന്ധിയിലാക്കി. 2024 ന് മുമ്പ് യാത്രക്കാരുടെ ഗതാഗതം കൊവിഡിന് മുൻപുളള അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് 290 ഓളം എയർലൈനുകളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ തന്നെ പറഞ്ഞു കഴിഞ്ഞു.  

രണ്ടാം പകുതിയിൽ ഇടിവിന് സാധ്യത

ചൈനീസ് കാരിയറുകൾ പ്രതിസന്ധിയിൽ നിന്ന് മുക്തമായിട്ടില്ല, എന്നാൽ, വിശാലമായ ആഭ്യന്തര കമ്പോളവും യാത്രാ നിയന്ത്രണങ്ങൾ നീക്കം ചെയ്തതും വളരെ വേഗത്തിലുളള വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്ക് ചൈനീസ് എയർലൈൻ കമ്പനികളെ സഹായിച്ചു. യുവാന്റെ കരുത്തിന്റെ ഭാഗമായി ഈ മാസം സ്റ്റോക്ക് നേട്ടങ്ങൾ ത്വരിതപ്പെടുത്തി. അത് ഇന്ധനത്തിനും ഡെബ്റ്റിനുമായുളള വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നു, വിമാനക്കമ്പനികളിൽ ചിലത് യുഎസ് ഡോളറിലാണ് കടമെടുത്തിരിക്കുന്നത്. സമീപകാലത്ത് എണ്ണവില കുറഞ്ഞത് ഇന്ധനച്ചെലവിനായുളള കമ്പനികളുടെ ചെലവാക്കൽ കുറച്ചിട്ടുണ്ട്. ഈ സവിശേഷ സാഹചര്യം ചൈനീസ് വിമാനക്കമ്പനികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. 

എന്നാൽ, ചൈനയുടെ വലിയ മൂന്ന് വിമാനക്കമ്പനികളായ - എയർ ചൈന, ചൈന സതേൺ എയർലൈൻസ് കമ്പനി, ചൈന ഈസ്റ്റേൺ എയർലൈൻസ് കോർപ്പറേഷൻ എന്നിവയെ സംബന്ധിച്ച് ബ്ലൂംബെർഗ് സമാഹരിച്ച വിശകലന പ്രവചനങ്ങൾ പ്രകാരം ഈ വർഷം രണ്ടാം പകുതിയിൽ ഇവ നഷ്ടമാർജിനിലായിരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8 ബില്യൺ യുവാൻ (1.2 ബില്യൺ ഡോളർ) നഷ്ടം രേഖപ്പെടുത്തി.

എന്നാൽ, ചൈനീസ് കമ്പനികളുടെ ശുഭാപ്തിവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ആദ്യം നടക്കുന്ന ദേശീയ അവധിദിനത്തോടനുബന്ധിച്ച് ഗതാഗതം വർധിക്കുമെന്നാണ് വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നത്. ചൈന ഇന്റർനാഷണൽ ക്യാപിറ്റൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് 2021 ലെ ആഭ്യന്തര വിമാന ഗതാഗത നിലവാരം 2019 നെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.
 

Follow Us:
Download App:
  • android
  • ios