കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ്,  ക്രിസില്‍ ലിമിറ്റഡ്, ഇക്ര ലിമിറ്റഡ് എന്നീ റേറ്റിംഗ് ഏജന്‍സികള്‍ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് കടപ്പത്രത്തിനു നല്‍കിയിട്ടുണ്ട്.

മുംബൈ: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ കടപ്പത്രം വഴി 5,000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച് 29-ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ് ലഭിക്കും. ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം. കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ്, ക്രിസില്‍ ലിമിറ്റഡ്, ഇക്ര ലിമിറ്റഡ് എന്നീ റേറ്റിംഗ് ഏജന്‍സികള്‍ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് കടപ്പത്രത്തിനു നല്‍കിയിട്ടുണ്ട്.

മൂന്ന്, അഞ്ച്, 10, 15 വര്‍ഷങ്ങള്‍ കാലദൈര്‍ഘ്യമുള്ള കടപ്പത്രങ്ങളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്. മൂന്ന് വര്‍ഷക്കാലത്ത് കൂപ്പന്‍ നിരക്ക് 4.65- 4.80 ശതമാനമാണ്. അഞ്ചുവര്‍ഷക്കാലയളവുള്ളവയ്ക്ക് 5.65-5.80 ശതമാനവും പത്തുവര്‍ഷക്കാലത്ത് 6.63- 7 ശതമാനവും 15 വര്‍ഷക്കാലത്ത് 7.15 ശതമാനവുമാണ് കൂപ്പണ്‍ നിരക്ക്. പത്തുവര്‍ഷക്കാലയളവില്‍ ഫിക്‌സ്ഡ് നിരക്കും ഫ്‌ളോട്ടിംഗ് നിരക്കും ലഭ്യമാണ്. ഇഷ്ടമുള്ളതു നിക്ഷേപകന് തെരഞ്ഞെടുക്കാം.