മുംബൈ: ഇന്ത്യയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഏറ്റവും മോശം സാമ്പത്തിക പാദത്തിന്റെ അവസാനം ദിനങ്ങളിലേക്കാണ് നാളെ വിപണി തുറക്കുന്നത്. ഈ സാമ്പത്തിക പാദത്തിൽ വരുമാന വളർച്ച പല കമ്പനികൾക്കും ഒരു വലിയ പ്രതിസന്ധിയായിരുന്നു. മിക്ക വൻ കോർപ്പറേറ്റുകളുടെയും കീഴിലുളള ഉപയോക്താക്കളെ നേരിട്ട് അഭിമുഖീകരിക്കുന്ന ബിസിനസുകൾ പോലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വരുമാന മാന്ദ്യത്തിൽ നിന്ന് മുക്തമാകില്ലെന്നാണ് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നത്.

അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പർച്ചേസ് മാനേജർമാരുടെ സൂചിക പോലുള്ള ചില ഡേറ്റാകളിൽ ഒരു കുതിച്ചുചാട്ടം കാണിച്ചേക്കാമെങ്കിലും, ആഴത്തിലുള്ള സങ്കോചം ഇപ്പോഴും ദൃശ്യമാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര നാണയ നിധിയുടെ വിളർച്ച പ്രവചനങ്ങളു‌ടെ ബലത്തിൽ വിപണി തിരിച്ചുവരാൻ തുടങ്ങിയിട്ടുണ്ട്. ആഗോള അമിത ദ്രവ്യത ഇപ്പോൾ സാമ്പത്തിക യാഥാർത്ഥ്യത്തേക്കാൾ ശക്തമാണെന്നത് നിഷേധിക്കാനാവില്ല. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റികളുടെ റിപ്പോർട്ടിൽ ഈ ആഴ്ചത്തെ വ്യാപാര തോത് മുമ്പത്തെ ആഴ്ചയേക്കാൾ പരന്നതോ കുറവോ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “സമ്പദ്‌വ്യവസ്ഥയുടെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത വേഗതയിൽ വീണ്ടെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റികളിലെ വിശകലന വിദഗ്ധർ പറഞ്ഞു.

ആഗോളതലത്തിൽ കൂടുതൽ ഹൈ-ഫ്രീക്വൻസി സൂചകങ്ങൾ അടുത്ത ആഴ്ച പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ യുഎസ് വരുന്ന ആഴ്ച പുറത്തുവിടുമെന്നാണ് കരുതുന്നത്. ഉൽപ്പാദന പ്രവർത്തനങ്ങളിൽ ചില പുരോഗതി ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ കരുതുന്നത്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും വീണ്ടെടുക്കൽ പ്രകടമാക്കുമെങ്കിലും, മാന്ദ്യത്തിന്റെ വലിയ ഭീതി ലോകത്ത് നിലനിൽക്കുന്നതായി വിവിധ റേറ്റിം​ഗ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.