Asianet News MalayalamAsianet News Malayalam

രാകേഷ് ജുൻജുൻവാല : കൊവിഡ് കാലത്തും പ്രതിദിന വരുമാനം ₹5.59 കോടി; ജോലി ഓഹരി നിക്ഷേപം

ഈ കോവിഡ് മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ബിസിനസുകാർക്ക് കോടികളുടെ നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പോലും ജുൻജുൻവാല ഉണ്ടാക്കിയത് ശതകോടികളുടെ ലാഭമാണ്. 
 

Rakesh jhunjhunwala the biggest trader in Bombay Stock exchange makes profit in Covid times too
Author
Mumbai, First Published Oct 26, 2020, 5:25 PM IST

നിങ്ങൾ ഓഹരിവിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്ന ആളാണോ? എങ്കിൽ രാകേഷ് ജുൻജുൻവാല എന്ന പേര് നിങ്ങൾ ഉറപ്പായും കേട്ടിരിക്കാൻ ഇടയുണ്ട്. നിങ്ങൾ സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ഹർഷദ് മെഹ്തയെക്കുറിച്ചുള്ള 'സ്‌കാം 1992 ' എന്ന സീരീസ് കണ്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇയാളെ അറിയാം. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇന്നോളം നടന്നിട്ടുള്ള വ്യാപാരങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ഇന്ത്യൻ ഇക്വിറ്റി നിക്ഷേപകരിൽ ഒരാളാണ് രാകേഷ് ജുൻജുൻവാല. രാകേഷ് ഓഹരിവിപണിയിൽ നടത്തുന്ന ഇടപെടലുകളെ വിപണി വിശേഷിപ്പിക്കുന്നത് 'മിഡാസ് സ്പർശം' എന്നാണ്. അതെ, തൊട്ടതൊക്കെയും പൊന്നാക്കിയ ചരിത്രം മാത്രമേ രാകേഷ് ജുൻജുൻവാലയ്ക്കുള്ളൂ. 2020 -ലെ ഫോർബ്‌സ് മാസികയുടെ സമ്പന്നരുടെ  പട്ടികയിൽ ഇന്ത്യയിൽ അൻപത്തിനാലാം സ്ഥാനത്താണ് ജുൻജുൻവാലയുള്ളത്. ഈ കോവിഡ് മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള പല ബിസിനസുകാർക്കും  കോടികളുടെ നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പോലും ജുൻജുൻവാല ഉണ്ടാക്കിയത് ശതകോടികളുടെ ലാഭമാണ്. 

1960 ജൂലൈ 5 -ന് ഒരു ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായി മുംബൈയിൽ ജനിച്ച രാകേഷ്, സൈഡൻഹാം കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സിഎ യോഗ്യത നേടി. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ബോംബെ ഓഹരി വിപണി സൂചിക 150 -ൽ നിൽക്കുന്ന എൺപതുകളുടെ തുടക്കത്തിലാണ് ജുൻജുൻവാല, ഓഹരിവിപണിയിലെ തന്റെ കളികൾ തുടങ്ങുന്നത്.  ഇന്ന്, 2020 അവസാന പാദത്തിൽ സൂചിക ക്ളോസ് ചെയ്യുന്നത് 40,145.5 -ലാണ് എന്നോർക്കണം.

1986-89 കാലത്ത് ജുൻജുൻവാല ഉണ്ടാക്കിയ ലാഭം ₹20-25 ലക്ഷമായിരുന്നു. അന്നോളം ബോംബെ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിട്ടുള്ള മറ്റാരും ഉണ്ടാക്കിയതിനേക്കാൾ വലിയ ലാഭമായിരുന്നു  അത്. ഹർഷദ് മെഹ്തയുടെ കലാപകാലത്ത് ഓഹരിവിപണിയിലെ 'ബിയർ' ആയിരുന്നു  ജുൻജുൻവാല എങ്കിൽ ഇന്നയാൾ ഇന്ത്യൻ ബുൾ മാർക്കറ്റിന്റെ മുന്നണിപ്പോരാളിയാണ്. രാമകൃഷ്ണ ദമാനി എന്ന പ്രഗത്ഭനായ നിക്ഷേപകനിൽ നിന്ന് ഓഹരിവ്യാപാരത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച  ജുൻജുൻവാല 1992 നു ശേഷമുള്ള വർഷങ്ങളിൽ ഉണ്ടാക്കിയ ലാഭത്തിനു കയ്യും കണക്കുമില്ല.

ഹർഷദ് മെഹ്തയുടെ അറസ്റ്റിനു ശേഷം ബോംബെ ഓഹരിവിപണിയിൽ ഉണ്ടായ ശൂന്യത നികത്തിയത്  ജുൻജുൻവാല ആണെന്ന് വേണം പറയാൻ. ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, ഓറോബിന്ദോ ഫാർമ, എൻസിസി എന്നീ കമ്പനികളുടെ ഓഹരികളിൽ നടത്തിയ നിക്ഷേപങ്ങളിലൂടെ  ജുൻജുൻവാല കോടികളുണ്ടാക്കി. റെയർ എന്റർപ്രൈസസ് എന്നൊരു സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയും  ജുൻജുൻവാലക്ക് സ്വന്തമായുണ്ട്. 2017 -ൽ ടൈറ്റൻ ഓഹരികളിലുണ്ടായ കയറ്റം മുതലെടുത്തുകൊണ്ട്  ജുൻജുൻവാല നടത്തിയ കളിയിൽ ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചത് ₹875 കോടി രൂപയുടെ ലാഭമാണ്. 

മാർച്ച് 23 മുതലുള്ള  ജുൻജുൻവാലയുടെ ഓഹരി വ്യാപാരങ്ങൾ പരിശോധിച്ച് കൊണ്ട് ബിസിനസ് ടുഡേ നടത്തിയ പഠനത്തിൽ വ്യക്തമായത്, ലോകം മുഴുവൻ നഷ്ടത്തിന്റെ കണക്കുകൾ മാത്രം ഓർത്തു വിഷമിച്ചുകൊണ്ടിരുന്ന കൊവിഡ് ദിനങ്ങളിൽ പ്രതിദിനം, ₹5.59 കോടിയാണ്. ട്രാക്ടറുകൾ നിർമിക്കുന്ന എസ്‌കോർട്ട്സ് ലിമിറ്റഡ് എന്ന ഒരൊറ്റ കമ്പനിയുടെ ഓഹരികളിൽ വ്യാപാരം നടത്തിയിട്ടാണ്  ജുൻജുൻവാല ഇത്രയും വലിയ ലാഭമുണ്ടാക്കിയിട്ടുള്ളത്. 111 സെഷനുകളിലായി ഇത്രയും ദിവസം കൊണ്ട് ജുൻജുൻവാല നടത്തിയ വ്യാപാരത്തിൽ അദ്ദേഹത്തിന് ആകെയുണ്ടായ ലാഭം ₹620.62 കോടി. അതായത് പ്രതിദിനം  ₹5.59 കോടിയുടെ ലാഭം. മാർച്ച് 2020 -ൽ അവസാനിച്ച പാദം വരെ ജുൻജുൻവാല കൈവശം വെച്ചത് എസ്കോര്ട്ട്സിന്റെ 91 ലക്ഷം ഓഹരികളാണ്. 

മാർച്ച് 23 -ന് സെൻസെക്സ്, നിഫ്റ്റി എന്നിവ അവയുടെ ഏറ്റവും വലിയ പ്രതിദിന നഷ്ടം രേഖപ്പെടുത്തിയ ആ കരിദിനത്തിൽ എസ്‌കോർട്സിന്റെ ഓഹരികൾ ക്ളോസ് ചെയ്തത് 551 രൂപയ്ക്കാണ്. അതായത് ജുൻജുൻവാല കൈവശം വെച്ചിരുന്ന എസ്കോർട്സ് ഓഹരികളുടെ ആകെ വിപണിമൂല്യം  ₹501.41 കോടി. എന്നാൽ, നഷ്ടങ്ങൾ മാത്രം രേഖപ്പെടുത്തിയിട്ടും ജുൻജുൻവാല തന്റെ എസ്കോർട്സ് ഓഹരികൾ വിറ്റൊഴിവാക്കിയില്ല. ഒടുവിൽ സെപ്റ്റംബർ രണ്ടാം തീയതി അയാൾ കാത്തുകാത്തിരുന്ന ദിവസമെത്തി. അന്നേദിവസം എസ്കോർട്സിന്റെ കറികൾ അതിന്റെ പരമാവധി വിളയായ  ₹1,233 സ്പർശിച്ചു. അതായത് അപ്പോഴും  ജുൻജുൻവാല വിടാതെ കൈവശം വെച്ചിരുന്ന 91 ലക്ഷം ഓഹരികളുടെ അപ്പോഴത്തെ വില, ₹1,122 കോടി രൂപ. അങ്ങനെ അത് വിറ്റഴിച്ചപ്പോൾ ജുൻജുൻവിലക്ക് ഉണ്ടായ ലാഭമാണ് പ്രതിദിനം  ₹5.59 കോടി എന്ന് പറയുന്നത്. 

ബോംബെ ഓഹരി വിപണിയുടെ ഉത്ഭവകാലം തൊട്ടിങ്ങോട്ട് അതിന്റെ ഓരോ സ്പന്ദനവും അറിഞ്ഞു കൊണ്ട് ഇവിടത്തെന്നെ ഉണ്ടായിരുന്ന  ജുൻജുൻവാലക്ക് വിപണി ഏതുനിമിഷം എങ്ങോട്ട് ചായും എന്നത് സംബന്ധിച്ച കൃത്യമായ ഉൾവിളികൾ മുന്നേകൂട്ടി ഉണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളിൽ പലതും ശരിയും ആകാറുണ്ട്. അതേസമയം, ഇൻസൈഡർ ട്രേഡിങ് നടത്തി എന്ന ആക്ഷേപത്തിന്മേൽ 2020 ജനുവരി 28 മുതൽ ഒരു അന്വേഷണവും നേരിടുന്നുണ്ട് രാകേഷ് ജുൻജുൻവാല എന്ന ഈ ഓഹരി വ്യാപാരി. 

Follow Us:
Download App:
  • android
  • ios