മുംബൈ: റിലയന്‍സ് ജിയോ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയോടെ വിപണിയില്‍ പ്രവേശിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. 2020 ന്‍റെ രണ്ടാം പകുതിയില്‍ മാസവും സമയവും തീരുമാനിച്ച് ഐപിഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.

പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ പദ്ധതിയിടുന്നതായി സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞമാസം എക്സിക്യൂട്ടീവുകള്‍ക്കിടയിലും ബാങ്കര്‍മാരുമായും വിവിധ കണ്‍സള്‍ട്ടന്‍റുമാരുമായും റിലയന്‍സ് ജിയോ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വരിക്കാരുടെ എണ്ണത്തില്‍ അധികം വൈകാതെ മുന്നിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോ ബാങ്കര്‍മാരെ അറിയിച്ചിട്ടുണ്ട്. 

എന്നാല്‍, റിലയന്‍സിന്‍റെ നിയന്ത്രണത്തിലുളള രണ്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായിരിക്കും കമ്പനി പ്രാഥമിക പരിഗണന നല്‍കുന്നത്. റിലയന്‍സ് ടവര്‍, റിലയന്‍സ് ഫൈബര്‍ ആസ്തികള്‍ നിലവില്‍ ഈ ട്രസ്റ്റുകളുടെ ഉടമസ്ഥതയിലാണ്.