Asianet News MalayalamAsianet News Malayalam

അംബാനി കുതിക്കുന്നു.., തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയെ ഇളക്കിമറിച്ച് റിലയൻസ്

കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതേ പട്ടികയിൽ 21ാം സ്ഥാനത്തായിരുന്നു അംബാനി. അന്ന് 36.8 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്. 

reliance third day rally special story
Author
Mumbai, First Published Jun 22, 2020, 3:33 PM IST

തകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ തിങ്കളാഴ്ച റെക്കോർഡ് നേട്ടം കൈവരിച്ചു. തുടർച്ചയായ മൂന്നാം വ്യാപാര ദിവസമാണ് റിലയൻസ് ഓഹരികളിൽ മുന്നേ‌റ്റം ദൃശ്യമാകുന്നത്. ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അഥവാ വിപണി മൂല്യം 11.44 ലക്ഷം കോടി രൂപയിലെത്തി.

150 ബില്യൺ ഡോളറിന്റെ വിപണി മൂല്യനിർണ്ണയം നടത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി. ബി‌എസ്‌ഇയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2.53 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 1,804.10 രൂപയിലെത്തി.
  
മൂലധന വിപണിയിൽ റിലയൻസ് ഇന്റസ്ട്രീസ് വൻ നേട്ടം കൊയ്തതോടെ മുകേഷ് അംബാനിക്ക് ലോക ധനിക പട്ടികയിൽ ഒൻപതാം സ്ഥാനം ഉറപ്പിക്കാനായി. ഫോർബ്സിന്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് അംബാനി ഒൻപതാമതുളളത്.

ഗൂഗിൾ സഹ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പത്തും 11ഉം സ്ഥാനങ്ങളിൽ. 

കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതേ പട്ടികയിൽ 21ാം സ്ഥാനത്തായിരുന്നു അംബാനി. അന്ന് 36.8 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്. അന്ന് ലാറി പേജ് 13ാം സ്ഥാനത്തും ബ്രിൻ 14ാം സ്ഥാനത്തുമായിരുന്നു. എന്നാൽ പിന്നീട് ലോകവിപണിയിൽ അംബാനിയുടെ കുതിപ്പാണ് കണ്ടത്.

മാർച്ച് മാസത്തിൽ കമ്പനിക്ക് 1.61 ലക്ഷം കോടിയുടെ കടബാധ്യത ഉണ്ടായിരുന്നു. എന്നാൽ ജിയോ പ്ലാറ്റ്ഫോമുകളിൽ 24.7 ശതമാനം നിക്ഷേപം കണ്ടെത്തിയതോടെ 1.68 ലക്ഷം കോടി നിക്ഷേപം സമാഹരിക്കാൻ റിലയൻസിന് സാധിച്ചു. ഇതോടെ ഇപ്പോൾ കടബാധ്യതയില്ലാത്ത സ്ഥാപനമായും അവർ മാറി.

Follow Us:
Download App:
  • android
  • ios