Asianet News MalayalamAsianet News Malayalam

കൊറോണയുടെ രണ്ടാം തരം​ഗത്തിൽ ദുർബലമായി ഏഷ്യൻ വിപണികൾ: രൂപയുടെ മൂല്യം ഇടിഞ്ഞു; ക്രൂഡ് നിരക്ക് താഴേക്ക്

ചൈന, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ പുതിയ കൊറോണ വൈറസ് അണുബാധകൾ ഉണ്ടായതോടെ അന്താരാഷ്ട്ര എണ്ണ വില തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു.

second wave of corona virus in china impact in Indian equity market
Author
Mumbai, First Published Jun 15, 2020, 6:01 PM IST


കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. ചൈനയിലെ അണുബാധയുടെ രണ്ടാം തരം​ഗവും ഏഷ്യൻ വിപണികൾ ദുർബലമായതുമാണ് നിക്ഷേപകരുടെ വികാരത്തെ പിന്നോ‌ട്ട് വലിച്ചത്.

ഇൻ‌ട്രാ ഡേയിൽ 32,923.74 എന്ന താഴ്ന്ന നിലയിലെത്തിയ സെൻസെക്സ് പിന്നീ‌ട് വീണ്ടും 552.09 പോയിന്റ് അഥവാ 1.63 ശതമാനം താഴ്ന്ന് 33,228.80 ൽ എത്തി. നിഫ്റ്റി 159.20 പോയിൻറ് അഥവാ 1.60 ശതമാനം ഇടിഞ്ഞ് 9,813.70 ൽ എത്തി.

ഇൻഡസ്ഇൻഡ് ബാങ്ക് ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സിലെ ഏറ്റവും വലിയ നഷ്‌‍ട ഓഹരിയും ഇൻഡസ്ഇൻഡ് ബാങ്കാണ്. ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എൻ‌ടി‌പി‌സി, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയും നഷ്ട മാർജിനിലേക്ക് വീണു. ആർ‌ഐ‌എൽ, എച്ച്സി‌എൽ ടെക്, സൺ ഫാർമ, മഹീന്ദ്ര, ഒ‌എൻ‌ജി‌സി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

മേഖലാ സൂചികകളിൽ ബി‌എസ്‌ഇ ബാങ്ക് എക്സും ബി‌എസ്‌ഇ ഫിനാൻസും 3 -4 ശതമാനം കുറവായാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 30 ൽ 25 ഷെയറുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

രൂപയുടെ മൂല്യം ഇ‌ടിഞ്ഞു

ദുർബലമായ ആഭ്യന്തര ഇക്വിറ്റികളും വിദേശ ഫണ്ടിന്റെ പുറത്തേക്കുളള ഒഴുക്ക് വർധിച്ചതും മൂലം രൂപയുടെ മൂല്യം 19 പൈസ കുറയുകയും ഡോളറിനെതിരായി 76 ന് താഴെയായി തിങ്കളാഴ്ച ക്ലോസ് ചെയ്യുകയും ചെയ്തു.

ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപയുടെ മൂല്യം 75.93 ലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വ്യാപാര ദിവസത്തെക്കാൾ, യു‌എസ് ഡോളറിനെതിരെ 19 പൈസ താഴ്ന്ന് 76.03 എന്ന നിലയിൽ രൂപ വ്യാപാരം അവസാനിച്ചു. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇത് 75.84 രൂപയായിരുന്നു. 

ചൈന, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ പുതിയ കൊറോണ വൈറസ് അണുബാധകൾ ഉണ്ടായതോടെ അന്താരാഷ്ട്ര എണ്ണ വില തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു.

ബ്രെൻറ് ക്രൂഡ് 93 സെൻറ് അഥവാ 2.4 ശതമാനം ഇടിഞ്ഞ് ബാരലിന് 37.80 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 1.33 ഡോളർ അഥവാ 3.7 ശതമാനം ഇടിഞ്ഞ് 34.93 ഡോളറിലെത്തി.

Follow Us:
Download App:
  • android
  • ios