Asianet News MalayalamAsianet News Malayalam

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ: അന്താരാഷ്ട്ര എണ്ണ വില ഉയർന്നു, രൂപയുടെ മൂല്യത്തിൽ ഇടിവ്

30 സെൻസെക്സ് സ്റ്റോക്കുകളിൽ 15 എണ്ണം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ബി എസ് ഇയിൽ 231.58 ലക്ഷം കോടി രൂപയായി ഉയർന്നു.

Sensex and nifty new record highs 15 June 2021
Author
Mumbai, First Published Jun 15, 2021, 5:49 PM IST

സെൻസ്ക്സും നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 221.52 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 52,773 ൽ എത്തി. നിഫ്റ്റി 57.40 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 15,869 എന്ന റെക്കോർഡ് ഉയരത്തിൽ എത്തി.

ഇൻട്രാ ഡേ വ്യാപാരത്തിൽ, സൂചികകൾ യഥാക്രമം 52,869, 15,901 എന്ന നിലയിലായിരുന്നു.

മൂന്ന് ശതമാനം നേട്ടത്തോടെ ഏഷ്യൻ പെയിന്റ്സ് സെൻസെക്സ് നേട്ടക്കാരിൽ ഒന്നാമതെത്തി. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിൽ.

ബജാജ് ഫിൻസെർവ്, ഡോ. റെഡ്ഡീസ്, ടൈറ്റൻ, സൺ ഫാർമ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് എന്നിവ 1.11 ശതമാനം വരെ ഇടിഞ്ഞു.

30 സെൻസെക്സ് സ്റ്റോക്കുകളിൽ 15 എണ്ണം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ബി എസ് ഇയിൽ 231.58 ലക്ഷം കോടി രൂപയായി ഉയർന്നു.

“വിശാലമായ വിപണിയിൽ മേഖലകളിലുടനീളം ഉയർന്ന നിലവാരമുള്ള മിഡ് ക്യാപ്പ് ഓഹരികളിൽ പുതിയ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു." എൽ കെ പി സെക്യൂരിറ്റീസിലെ റിസർച്ച് ഹെഡ് എസ് രംഗനാഥൻ ഇന്ത്യ ടുഡെയോട് പറഞ്ഞു.

1,943 ഓഹരികൾ ഉയർന്നപ്പോൾ 1,280 ഓഹരികൾ ബി എസ് ഇയിൽ താഴേക്ക് നീങ്ങി. 145 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബി എസ് ഇ മിഡ് ക്യാപ്പ് സ്മോൾ ക്യാപ്പ് സൂചികകളും യഥാക്രമം 136 പോയിന്റും 110 പോയിന്റും ഉയർന്നു. ബാങ്കിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ യഥാക്രമം 358 പോയിന്റും 129 പോയിന്റും ഉയർന്നു.

“അടുത്ത 1-2 സെഷനുകളിൽ ഉയർന്ന ഏകീകരണത്തിനോ ചെറിയ ബലഹീനതയ്ക്കോ ഉള്ള സാധ്യതയെ നിഫ്റ്റിയുടെ മൊത്തത്തിലുള്ള ചാർട്ട് പാറ്റേൺ സൂചിപ്പിക്കുന്നു. ഇമ്മീഡിയേറ്റ് സപ്പോർട്ട് 15700 ആണ്." എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി അഭിപ്രായപ്പെട്ടു

അതേസമയം, തുടർച്ചയായ ആറാം ദിവസവും രൂപയു‌ടെ മൂല്യത്തിൽ നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വിലയും എണ്ണ ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളർ ഡിമാൻഡും കാരണം ഇന്ത്യൻ കറൻസി ചൊവ്വാഴ്ച യുഎസ് കറൻസിക്കെതിരെ രണ്ട് പൈസ ഇടിവോടെ 73.31 ലേക്ക് എത്തി.

ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ ഒരു ഡോളറിന് 73.20 എന്ന നിലയിൽ ഉയർന്നു. ചൊവ്വാഴ്ച വരെയുള്ള ആറ് ട്രേഡിംഗ് സെഷനുകളിൽ ആഭ്യന്തര കറൻസിക്ക് 51 പൈസ നഷ്ടമായി.

ഏഷ്യയിലെ മറ്റ് വിപണികളിൽ, ടോക്കിയോയിലെയും സോളിലെയും വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു, ഷാങ്ഹായിയും ഹോങ്കോങ്ങും ചുവപ്പിലായിരുന്നു. യൂറോപ്പിലെ ഇക്വിറ്റികൾ മിഡ്-സെഷൻ ഡീലുകളിലെ നേട്ടങ്ങളുമായി വ്യാപാരം നടത്തി.

അന്താരാഷ്ട്ര ഓയിൽ ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 0.32 ശതമാനം ഉയർന്ന് ബാരലിന് 73.09 യുഎസ് ഡോളറിലെത്തി.

Follow Us:
Download App:
  • android
  • ios