Asianet News MalayalamAsianet News Malayalam

Stock Market Live : ആഗോള വിപണികളിലെ തിരിച്ചടി; ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നഷ്ടത്തോടെ തുടക്കം

ആഗോള തലത്തിൽ സാമ്പത്തിക വളർച്ചയ്ക്കും കമ്പനികളുടെ വരുമാനത്തിനും ഒമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്നുണ്ട്

Stock Market LIVE Sensex tanks 1% Nifty near 17,700 banks IT hit
Author
Mumbai, First Published Jan 6, 2022, 10:08 AM IST

മുംബൈ: അന്താരാഷ്ട്ര തലത്തിൽ ആഗോള ഓഹരി വിപണികൾക്കേറ്റ തിരിച്ചടിയെ തുടർന്ന് ഇന്ന് പ്രീ സെഷനിൽ താഴേക്ക് പോയി ഇന്ത്യൻ വിപണികൾ. ഓപ്പണിംഗ് ബെല്ലിന് ശേഷം ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന് 59600-ന് അടുത്തായി. എൻഎസ്ഇ നിഫ്റ്റി 50 ഏതാണ്ട് 180 പോയിൻറ് ഇടിഞ്ഞ് 17,750 ന് അടുത്തെത്തി. ബാങ്ക് നിഫ്റ്റി 1.2 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ വിഐഎക്സ് 4% ഉയർന്നു. സെൻസെക്‌സിൽ ഭാരതി എയർടെൽ ഒരു ശതമാനം നേട്ടമുണ്ടാക്കി. തൊട്ടുപിന്നിൽ സൺ ഫാർമയും ഡോ.റെഡ്ഡീസും മുന്നേറ്റമുണ്ടാക്കി. എച്ച്‌ഡിഎഫ്‌സി 1.9 ശതമാനം ഇടിഞ്ഞു.

ഒമിക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനം ഇതിനകം സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. ഒമിക്രോണിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ ഏപ്രിൽ മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് പോളിസി നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ റിസർവ് ബാങ്ക് മാറ്റിയേക്കും. 

ആഗോള തലത്തിൽ സാമ്പത്തിക വളർച്ചയ്ക്കും കമ്പനികളുടെ വരുമാനത്തിനും ഒമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്നുണ്ട്. ഈ ആശങ്ക നിലനിൽക്കുന്നത് നിക്ഷേപകരുടെ തീരുമാനത്തെ സ്വാധീനിക്കും. അതേസമയം ആഭ്യന്തര ഓഹരി വിപണികൾ കഴിഞ്ഞ മൂന്ന് ദിവസമായി മുന്നേറുന്നത് നിക്ഷേപകർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്.

ബുധനാഴ്ച ബിഎസ്ഇ സെൻസെക്‌സ് 367 പോയിന്റ് ഉയർന്ന് 60223ലും നിഫ്റ്റി 120 പോയിന്റ് ഉയർന്ന് 17925ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി 2.32 ശതമാനം ഉയർന്ന് 37695 ൽ ക്ലോസ് ചെയ്തു. ഇന്ത്യ വിഐഎക്സ് 6.9 ശതമാനം ഉയർന്ന് 17 ലെവലുകൾ വീണ്ടെടുത്തു. 

ഇന്നലെ ബജാജ് ഫിൻസെർവ് 5% ഉയർന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, ഐഷർ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എന്നിവ തൊട്ടുപിന്നിൽ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഡിവിസ്, വിപ്രോ, പവർഗ്രിഡ് എന്നിവയ്‌ക്കൊപ്പം 2.7% ഇടിഞ്ഞ് ടെക് മഹീന്ദ്രയാണ് മൂല്യമിടിഞ്ഞ ഓഹരികളിൽ മുൻപിലുള്ളത്.

വ്യാപാരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ നിഫ്റ്റി ഐടി സൂചിക ഇന്നലെ 1.98% ഇടിഞ്ഞു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയാണ് സൂചിക പിന്നോട്ട് പോകാൻ കാരണം. യുഎസ് ഡോളറിനെതിരെ രൂപ 23 പൈസ ഉയർന്ന് 74.35 എന്ന നിലയിലാണ്. കഴിഞ്ഞ 5 ദിവസത്തിനിടെ നിഫ്റ്റി ബാങ്ക് 2500 പോയിന്റ് ഉയർന്നു. അതിനിടെ ഇന്ത്യക്കെതിരായ എല്ലാ നിയമ നടപടികളും കെയ്ൺ കമ്പനി പിൻവലിച്ചു. കമ്പനിക്ക് 7900 കോടി നികുതി റീഫണ്ട് ലഭിക്കും.

ഐടി, ഫാർമ, പവർ എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും ഓട്ടോ, ബാങ്ക്, മെറ്റൽ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾക്കൊപ്പം ഒന്ന് മുതൽ രണ്ട് ശതമാനം വരെ നേട്ടത്തിൽ ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.36% ഉയർച്ചയിലും സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റിലും അവസാനിച്ചു.

Follow Us:
Download App:
  • android
  • ios