Asianet News MalayalamAsianet News Malayalam

ഉള്ളിക്ക് റെക്കോർഡ് വില നൽകാമെന്ന് കേന്ദ്രം, കർഷകരെ അനുനയിപ്പിക്കാൻ ശ്രമം, സമരം തുടർന്ന് കർഷകർ

നാഫെഡും എൻസിസിഎഫും ക്വിന്റലിന് 2410 രൂപ നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയൽ അറിയിച്ചു.

union government offering record price for onion after farmers protest prm
Author
First Published Aug 23, 2023, 12:48 PM IST

ദില്ലി: ഉള്ളി വ്യാപാരികളുടെ സമരം തണുപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് റെക്കോർഡ് വില നൽകി ഉള്ളി സംഭരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാ​ഗ്ദാനം. ഉള്ളി കയറ്റുമതിക്ക് തീരുവ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും കർഷകരും ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് വില വർധിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയത്. നാഫെഡും എൻസിസിഎഫും ക്വിന്റലിന് 2410 രൂപ നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയൽ അറിയിച്ചു. നേരത്തെ 2151 രൂപയാണ് ക്വിന്റലിന് നൽകിയിരുന്നത്. ആവശ്യമെങ്കിൽ കർഷകരിൽ നിന്ന് കൂടുതൽ ഉള്ളി വാങ്ങി സ്റ്റോക്ക് വർധിപ്പിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.

മേയ് മുതൽ സർക്കാർ കർഷകരിൽ നിന്ന് നേരിട്ട് മൂന്ന് ലക്ഷം ടൺ സംഭരിച്ച് സ്റ്റോക്ക് വർധിപ്പിക്കാനാണ് തീരുമാനം. വില നിയന്ത്രിക്കാനാണ് ഉള്ളി സംഭരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വരും ആഴ്ചകളിൽ വില കുറയുമെന്നും മന്ത്രി സൂചന നൽകി. ഉത്സവ സീസണിന് മുന്നോടിയായി ഉള്ളി വില വർധനവ് തടയാൻ എൻസിസിഎഫും നാഫെഡും കിലോക്ക് 25 രൂപ നിരക്കിൽ സബ്സിഡിയായി ഉള്ളി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് നല്ല വില ലഭിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കർഷകരുടെ ഉള്ളി നല്ല വിലയ്ക്ക് വിൽക്കാൻ സൗകര്യമൊരുക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. കയറ്റുമതിയിൽ കർഷകർക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച വിലയാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് ഉള്ളി ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നാസിക്കിലെ മണ്ഡികളിലെല്ലാം വിൽപന നടക്കാതായതോടെ ഗോഡൗണുകളിൽ ഉള്ളി നിറഞ്ഞ് കിടക്കുകയാണ്. 40 ശതമാനം കയറ്റുമതി തീരുവ അംഗീകരിക്കില്ലെന്ന നിലപാട് വ്യാപാരികൾ ആവർത്തിക്കുകയാണ്. കേരളത്തിലേക്ക് അടക്കം ഉള്ളിയെത്തുന്നത് നാസിക്കിൽ നിന്നാണ്. ഇവിടെ നിന്നുള്ള വിൽപന ദീർഘകാലത്തേക്ക് നിലച്ചാൽ രാജ്യത്ത് ഉള്ളിക്ഷാമം രൂക്ഷമാവും. മഹാരാഷ്ട്രയിലെ കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് ഉള്ളി ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏർപ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്. കേന്ദ്ര ബഫർ സ്റ്റോക്കിലെ ഉള്ളി വിപണിയിലേക്ക് ഇറക്കാനുള്ള നടപടിയും കേന്ദ്രം തുടങ്ങി. 

Follow Us:
Download App:
  • android
  • ios