ന്യൂയോർക്ക്: വാൾസ്ട്രീറ്റ് ഓഹരികൾ വെള്ളിയാഴ്ച ഓപ്പണിംഗ് ട്രേഡിംഗിൽ കുതിച്ചുയർന്നു. മൂന്ന് ദുർബലമായ സെഷനുകൾക്ക് ശേഷം നഷ്ടത്തിൽ നിന്നിരുന്ന ചില ഓഹരികൾ തിരിച്ചുവരവ് നടത്തി. 

വ്യാപാരം ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഡൗ ജോൺസ് വ്യാവസായിക ശരാശരി 25,874.16 ൽ എത്തി. 750 പോയിൻറ് അഥവാ 3.0 ശതമാനമാണ് ഉയർന്നത്.

എസ് ആൻഡ് പി 500 2.6 ശതമാനം ഉയർന്ന് 3,080.14 ലും ടെക് സമ്പന്നമായ നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 2.7 ശതമാനം ഉയർന്ന് 9,752.63 ലും എത്തി.

വൈറസ് തടയുന്നതിനുള്ള അടച്ചുപൂട്ടലുണ്ടായെങ്കിലും ചില സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ യുഎസിന്റെ സാമ്പത്തിക വീണ്ടെടുക്കലിന് ഭീഷണിയാകുമെന്ന ആശങ്കയിൽ വ്യാഴാഴ്ച പ്രധാന സൂചികകൾ ഏറ്റവും മോശമായ സെഷനെ നേരിട്ടു.

വെള്ളിയാഴ്ച തുടക്കത്തിൽ ഓഹരികൾ വീണ്ടും ഉയർന്നിരുന്നു. എന്നാൽ, ചില വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത് ചാഞ്ചാട്ടം തുടരുമെന്നാണ്. ഡൗവിലെ 30 അംഗങ്ങളും പോസിറ്റീവ് മാർക്കിലാണ്. വ്യാഴാഴ്ച ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ബോയിംഗ് (നേ‌ട്ടം: 11.4 ശതമാനം‌), എക്സോൺ മൊബീൽ (നേ‌ട്ടം: 4.7 ശതമാനം), ജെപി മോർഗൻ ചേസ് (നേ‌ട്ടം: 3.8 ശതമാനം) തുടങ്ങിയ ഓഹരികൾ മുന്നേറി. 

മറ്റ് കമ്പനികൾക്കിടയിൽ, അഡോബ് 4.7 ശതമാനം മുന്നേറി. രണ്ടാം പാദ വരുമാനത്തിൽ 14 ശതമാനം വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. പാദ വരുമാനം 3.1 ബില്യൺ ഡോളറായി ഉയർന്നു.