മുംബൈ: ജൂലൈ 15 ന് ആരംഭിക്കുന്ന ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴിയുളള ഓഹരി വിൽപ്പനയു‌ടെ നിരക്ക് യെസ് ബാങ്ക് നിശ്ചയിച്ചു. ഒരു ഓഹരിക്ക് 12 രൂപ നിരക്കാണ് നിശ്ചയിച്ചിരുക്കുന്നത്. വിപണിയിൽ നിന്ന് 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ ലക്ഷ്യം. 

ബാങ്ക് ബോർഡിന്റെ ക്യാപിറ്റൽ റൈസിംഗ് കമ്മിറ്റി (സിആർ‌സി) യോഗത്തിൽ “ഇക്വിറ്റി ഷെയറിന് 12 രൂപയുടെ ഫ്ലോർ വില അംഗീകരിച്ചു ,” എന്ന് യെസ് ബാങ്ക് ബി‌എസ്‌ഇ ഫയലിംഗിൽ പറഞ്ഞു.

എഫ്പിഒയുടെ ക്യാപ് വില യൂണിറ്റിന് 13 രൂപയാണ്.

ജീവനക്കാർക്ക് റിസർവേഷൻ ചെയ്ത ഓഹരികളിൽ ലേലം വിളിക്കുന്ന യോഗ്യതയുള്ള ജീവനക്കാർക്ക് ഇക്വിറ്റി ഷെയറിന് ഒരു രൂപ കിഴിവ് ബാങ്ക് പ്രഖ്യാപിച്ചു. ഓഫർ അനുസരിച്ച് വിജയകരമായ ആങ്കർ നിക്ഷേപകർക്ക് ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിനും ആങ്കർ നിക്ഷേപകരുടെ അലോക്കേഷൻ വില നിർണ്ണയിക്കുന്നതിനും 2020 ജൂലൈ 14 ന് സിആർ‌സിയുടെ യോഗം ചേരുമെന്ന് യെസ് ബാങ്ക് അറിയിച്ചു.

യെസ് ബാങ്കിന്റെ എഫ്പി‌ഒ ഓഫർ 2020 ജൂലൈ 15 ന് ആരംഭിച്ച് 2020 ജൂലൈ 17 ന് അവസാനിക്കും. ഓഫറിംഗിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിന് ഈ ആഴ്ച ആദ്യം യെസ് ബാങ്കിന് സിആർ‌സിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.