ആഭ്യന്തര വില്‍പ്പനയില്‍ 14.2 ശതമാനത്തിന്‍റെ വളര്‍ച്ച  വിദേശ കയറ്റുമതിയില്‍ 19.1 ശതമാനത്തിന്‍റെ വളര്‍ച്ച

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന ഉയരുന്നു. മൊത്തം വില്‍പ്പനയില്‍ 14.4 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ചൊവ്വാഴ്ച്ച വരെ മാരുതി നേടിയത്. ആഭ്യന്തര വില്‍പ്പനയില്‍ 14.2 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചു.

വിദേശ കയറ്റുമതിയില്‍ 19.1 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ച മാരുതി കാര്‍ വിപണിയുടെ സമസ്തമേഖലകളിലും തിളങ്ങി. മൊത്തം 1,72,986 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷം ഈ സമയം 1,51,215 യൂണിറ്റുകളായിരുന്നു ആകെ വില്‍പ്പന.

ഇതില്‍ 1,64,978 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ പവര്‍ കുറഞ്ഞ മൈലേജ് കൂടിയ വാഹനങ്ങള്‍ക്ക് വിപണിയില്‍ 2.8 ശതമാനം വിഹിതം ഇടിഞ്ഞപ്പോള്‍, ഡിസയര്‍, ബലോനോ, ജിപ്സി, എസ് ക്രോസ് തുടങ്ങിയ ഉയര്‍ന്ന മേഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുകയും ചെയ്തു.