മാതൃത്വ അവധിയെക്കുറിച്ച് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പറയാനുളളത്

ഇന്ത്യയില്‍ മാതൃത്വ അവധി 12 ആഴ്ച്ചയില്‍ നിന്ന് 26 ആഴ്ച്ചയിലേക്ക് ഉയര്‍ത്തിയപ്പോള്‍ സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് അകറ്റാന്‍ അത് കാരണമാവും എന്ന ആശങ്ക ഉയര്‍ന്നിരുന്നു. 26 ആഴ്ച്ച ശമ്പളത്തോടെ അവധി നല്‍കേണ്ടിവരുമെന്ന ആശങ്ക കോര്‍പ്പറേറ്റിടങ്ങളില്‍ ചര്‍ച്ചയായിരുന്നു.

എംബ്ലോയിമെന്‍റ് സര്‍വ്വീസസ് കമ്പനിയായ ടീം ലീസാണ് പ്രസവാനുകൂല്യമായി ലഭിക്കുന്ന അവധിയോട് വിവിധ കമ്പനികള്‍ക്കുളള അഭിപ്രായങ്ങള്‍ അടിസ്ഥാനപ്പെടുത്തി സര്‍വേ നടത്തിയത്. ഇക്കണോമിക് ടൈസാണ് സര്‍വേ പ്രസിദ്ധീകരിച്ചത്. 350 സ്ഥാപനങ്ങളിലായി നടത്തിയ സര്‍വേയില്‍ 26 ശതമാനം കമ്പനികള്‍ ഇക്കാരണങ്ങള്‍ കൊണ്ട് സ്ത്രീകളെക്കാള്‍ പുരുഷന്മാരെ ജോലിക്ക് വയ്ക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് വെളിപ്പെടുത്തി.

40 ശതമാനം സ്ഥാപനങ്ങള്‍ സ്ത്രീകളെ ജോലിക്ക് വയ്ക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും അവരുടെ പ്രസവ അവധി ചിലവുകള്‍ വഹിക്കാന്‍ താത്പര്യം കുറവാണെന്ന് അറിയിച്ചു. 35 ശതമാനം കമ്പനികള്‍ പ്രതികരിച്ചത് ആറ് മാസം പ്രസവ അവധി നല്‍കുന്നത് തങ്ങളുടെ കമ്പനി ലാഭത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതികരിച്ചു. എന്നാല്‍ ഇവരില്‍ നിന്നെക്കെ വിഭിന്നമായി ശേഷിക്കുന്ന 39 ശതമാനം സ്ഥാപന മാനേജ്മെന്‍റുകള്‍ ഇത്തരം അവധികള്‍ നല്ലതാണെന്നും പ്രസവ അവധി നല്‍കുന്നതിലൂടെ സ്ത്രീകളുടെ തൊഴില്‍ നിലവാരം ഉയര്‍ന്നാനാവുമെന്ന് സര്‍വേയില്‍ മറുപടി നല്‍കി.