കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീൻ. രാജ്യതാത്പര്യത്തിനും വ്യവസായ താത്പര്യത്തിനും എതിരാണ് തീരുമാനങ്ങൾ. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ തുടങ്ങിയ സ്ഥാപനങ്ങൾ സംസ്ഥാനം ഏറ്റെടുക്കണമെന്ന എന്ന നിലപാട് പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡ് മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ലഘു ഉദ്യോഗ് എക്സ്പോ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഷിപ്പ് യാർഡിന്റേതടക്കമുള്ള ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ മന്ത്രി തുറന്നടിച്ചത്. അനിയന്ത്രിതമായ സ്വകാര്യവത്കരണമാണ് നടക്കുന്നത്. 25ശതമാനം ഓഹരി വിൽക്കുകയാണ്. വളർച്ചയ്ക്ക് എന്ന പേരിൽ വിറ്റഴിക്കുന്നത് രാജ്യതാത്പര്യത്തിന് തന്നെ എതിരാണ്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് അടക്കം സംസ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ തുടങ്ങിയ സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രം താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന നിലപാടും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണ മേഖലയിലെ ചെറുകിട ഇടത്തരം സംരഭകർക്ക് വേണ്ടിയുള്ള പൊതു പ്രദർശനമാണ് ഷിപ്പ് യാർഡ് സംഘടിപ്പിക്കുന്ന ലഘു ഉദ്യോഗ് എക്സ്പോ. ബിസിനസ് ടു ബിസിനസ് മീറ്റുകളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
