ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ ചെറുകിട മൊബൈല്‍ ഷോപ്പുകള്‍ വന്‍ പ്രതിസന്ധിയില്‍. വ്യാപാരികളുടെ ജി.എസ്.ടി നിരക്കിന് പുറമെ റീചാര്‍ജ്ജിനുള്ള ജി.എസ്.ടി നിരക്കു കൂടിയാവുമ്പോള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്ക് 2.6 മുതല്‍ മൂന്ന് ശതമാനം വരെയാണ് വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ഇതില്‍ നിന്നും 18 ശതമാനം ജി.എസ്.ടി ഒടുക്കണം. വാടകയും വൈദ്യുതി ചാര്‍ജ്ജുമടക്കം ഭീമമായ തുക നല്‍കേണ്ടി വരുന്ന വ്യാപാരികള്‍ക്ക് ജി.എസ്.ടി നിരക്കുകള്‍ താങ്ങാനാവുന്നില്ല. പല കടകളിലും റീചാര്‍ജ്ജിങ് സേവനം ഈ മാസമാദ്യം മുതല്‍ തന്നെ ലഭിക്കുന്നില്ല. പുതിയ സ്റ്റോക്ക് നല്‍കുന്നതിന് കമ്പനികളും വിതരണക്കാരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമ്പനികളോ വിതരണക്കാരോ തയ്യാറാവുന്നില്ലെന്നും 
കച്ചവടക്കാര്‍ക്ക് പരാതിയുണ്ട്. ഇതേ രീതിയില്‍ കച്ചവടം തുടരാനാവില്ലെന്നും കടകള്‍ അടച്ചിടുകയ്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.