പുതിയ ഫാക്ടറി പ്രവർത്തനസജ്ജമാക്കുന്നതോടെ സാംസം​ഗിന്റെ ഇന്ത്യയിലെ മൊബൈൽ ഉത്പാദനം നിലവിലെ 67 ലക്ഷത്തിൽ നിന്നും 1.20 കോടിയായി ഉയരും.

നോയ്ഡ:ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ ഫാക്ടറി ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയൻ പ്രസി‍ഡന്റ് മൂൺ ജൈ ഇന്നും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആ​ഗോള ഇലക്ട്രോണിക് വ്യാവസായരം​ഗത്തെ മുൻനിരക്കാരായ കൊറിയൻ കമ്പനി സാംസം​ഗിന്റേതാണ് ഇൗ ഫാക്ടറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ പദ്ധതിയിലെ പൊൻതൂവലായാണ് പദ്ധതിയെ കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. 4915 കോടി രൂപ ചിലവിട്ട് ഒരു വർഷം കൊണ്ടാണ് നിലവിലുള്ള ഫാക്ടറി ലോകത്തെ തന്നെ ഏറ്റവും വലുതായി സാംസം​ഗ് വികസിപ്പിച്ചെടുത്തത്. 

നോയിഡയിൽ സെക്ടർ 81-ൽ 35 ഏക്കർ സ്ഥലത്തായാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായ ഫാക്ടറിയിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1996-ലാണ് യുപിയിൽ സാംസം​ഗ് തങ്ങളുടെ ഫാക്ടറി സ്ഥാപിക്കുന്നത്.1997-ൽ ഇവിടെ ടിവി നിർമ്മാണം ആരംഭിച്ചു. 2003-ൽ ഫ്രിഡ്ജുകളുടെ ഉത്പാദനം ആരംഭിച്ചു. 2005- മുതലാണ് മൊബൈൽ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്. 

ടെക്നോളജിയുടെ വികാസം ഇന്ത്യക്കാരുടെ ജീവിതത്തെ വലിയ തോതിൽ മാറ്റിയെന്ന് ഉദ്​ഘാടന പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾ മുൻപത്തേക്കാൾ വളരെ കൂടുതലാണ് ഇപ്പോൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരൊറ്റ കൊറിയൻ കമ്പനി ഉൽപന്നമെങ്കിലും ഇല്ലാത്ത മിഡിൽ ക്ലാസ്സ് ഇന്ത്യക്കാരുടെ വീടുകൾ ഉണ്ടാവില്ലെന്നും കൊറിയൻ കമ്പനികളുടെ ​​ഗുണമേന്മയെ പ്രശംസിച്ചു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യ-കൊറിയ സൗഹൃദത്തിൽ നിർണായകമാറ്റമായിരിക്കും പുതിയ മൊബൈൽ പ്ലാന്റ് കൊണ്ടു വരികയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റിയിൽ പങ്കുചേരാൻ ദക്ഷിണകൊറിയക്ക് താത്പര്യമുണ്ടെന്ന് പ്രസിഡന്റ മൂൺ ജെഇൻ പറഞ്ഞു. 

പുതിയ ഫാക്ടറി പ്രവർത്തനസജ്ജമാക്കുന്നതോടെ സാംസം​ഗിന്റെ ഇന്ത്യയിലെ മൊബൈൽ ഉത്പാദനം നിലവിലെ 67 ലക്ഷത്തിൽ നിന്നും 1.20 കോടിയായി ഉയരും. നോയിഡയിലേത് കൂടാതെ തമിഴ്നാട്ടിലെ ശ്രീംപെരുമ്പത്തൂരിലും കമ്പനിക്ക് ഫാക്ടറിയുണ്ട്.