ദില്ലി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്കെന്ന പോലെ പച്ചക്കറികള്‍ക്കും പരാമാവധി വില (മാക്‌സിമം റീടെയ്ല്‍ പ്രൈസ്) നിശ്ചയിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് രംഗത്ത്. മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കുമ്പോള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഒരു കര്‍ഷകന്‍ കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ തക്കാളി കൊടുത്താലും ഉപഭോക്താവ് അത് വാങ്ങുന്നത് കിലോയ്ക്ക് 30 രൂപ കൊടുത്താണ്. കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും വരുമാനമൊന്നും ലഭിക്കുന്നില്ല ഇടനിലക്കാര്‍ നന്നായി ലാഭം നേടുകയും ചെയ്യുന്നു. ഇതു തടയാന്‍ പച്ചക്കറികള്‍ക്കും മറ്റു കാര്‍ഷികോത്പന്നങ്ങള്‍ക്കും പരമാവധി വില്‍പന വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറയുന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് അര്‍ഹിച്ച വില ലഭിക്കുന്നില്ലെന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൃഷിമന്ത്രി രാധാമോഹന്‍ സിംഗും പറഞ്ഞിരുന്നു.
