സ്റ്റെന്റുകള്‍ അടക്കമുള്ള വൈദ്യസഹായ ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കി ആശുപത്രികളും ഇടനിലക്കാരും ചൂഷണം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 22 വൈദ്യസഹായ ഉപകരണങ്ങള്‍ക്ക് പരമാവധി വില്‍പ്പന വില (എം.ആര്‍.പി) നിര്‍ബന്ധമാക്കി. കാര്‍ഡിയാക് സ്റ്റെന്റ്, ഹൃദയവാല്‍വുകള്‍, സിറിഞ്ച്, ശസ്‌ത്രിക്രിയയ്‌ക്ക് ധരിക്കുന്ന വസ്‌ത്രം, എന്നിവയടക്കമുള്ളവയ്‌ക്കാണ് ഈ മാസം പത്ത് മുതല്‍ എം.ആര്‍.പി നിര്‍ബന്ധമാക്കിയത്. ശീതളപാനീയമടക്കമുള്ളവയ്‌ക്ക് പരമാവധി വില്‍പ്പന വിലയില്‍ കൂടുതല്‍ ഈടാക്കുന്ന തീയറ്ററുകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ വില്‍പ്പനശാലയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷണശാലകളില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.