മുംബൈ: കടത്തില്‍ മുങ്ങിയ ബാങ്ക് നടപടികള്‍ നേരിടാനൊരുങ്ങുന്ന സഹോദരന്‍ അനില്‍ അംബാനിയെ കരകയറ്റാന്‍ മുകേഷ് അംബാനിയുടെ കൈത്താങ്ങ്. അനിലിന്റെ റിലയന്‍സ് കമ്മ്യുണിക്കേഷന്‍ ലിമിറ്റഡിന്‍റെ (ആര്‍കോം)45,000 കോടിയോളം വരുന്ന കടത്തില്‍ വലിയ ആശ്വാസം നല്‍കിയാണ് മുകേഷിന്റെ ഇടപാട്. 23,000 കോടി രൂപയുടെ ഇടപാടിനാണ് ഇരുവരും തമ്മില്‍ ധാരണയിലായത്. 

ആര്‍കോമിന്റെ കൈവശമുള്ള സ്‌പെക്ട്രം, ടവറുകള്‍, ഒപ്റ്റിക് ഫൈബര്‍ ആസ്തികള്‍ മുകേഷിന്റെ ജിയോ വാങ്ങും. വ്യാഴാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. പിതാവ് ധീരുഭായ് അംബാനിയുടെ 85ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇളയ സഹോദരനെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കാനാണ് മുകേഷിന്റെ ശ്രമം. 

കരാര്‍ പ്രകാരം 800/900/2100 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലുള്ള 122.4 മെഗാഹെര്‍ട്‌സ് 4 ജി സ്‌പെക്ട്രം ജിയോ ഏറ്റെടുക്കും. 43,000 ഓളം ടെലികോം ടവറുകള്‍ ജിയോയ്ക്ക് ലഭിക്കും. 1.78 ലക്ഷം റൂട്ട് കിലോമീറ്റര്‍ ടെലികോം ഫൈബര്‍, 248 മീഡിയ കവറേജ് നോഡുകള്‍ എന്നിവയും ജിയോ വാങ്ങും. വളരെ സുതാര്യമായാണ് ഇടപാടുകള്‍, ബാങ്കിംഗ്, ടെലികോം, നിയമ മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ഉന്നതാധികാരമുള്ള ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇടപാടുകള്‍. 2018 ജനുവരിക്കും മാര്‍ച്ചിനും മധ്യേ ഇടപാടുകള്‍ പൂര്‍ത്തിയാക്കും.

അംബാനി കുടുംബത്തിലെ വഴക്കിനെ തുടര്‍ന്ന് 2005ലാണ് സഹോദരന്മാര്‍ വേര്‍പിരിയുന്നത്. എണ്ണ, ക്രൃതി വാതക ബിസിനസ് മുകേഷ് ഏറ്റെടുത്തപ്പോള്‍, ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിന് ലഭിച്ചത്. 2016 സെപത്ംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചതോടെ ആര്‍കോം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവില്‍ ജിയോയ്ക്ക് 140 മില്യണ്‍ ഇടപാടുകാരാണുള്ളത്.