Asianet News MalayalamAsianet News Malayalam

റിലയന്‍സ് ജിയോയുടെ ജിഗാ ഫൈബറിനെ പേടിച്ച് എതിരാളികള്‍

കേബിൾ ഓപ്പറേറ്റർമാർ നിലവിൽ 100 എംബിപിഎസ് വേഗമുള്ള 100 ജിബി ഡേറ്റയ്ക്ക് മാസം വാങ്ങുന്നത് 700 മുതൽ 1000 രൂപ വരെയാണ്

mukesh ambani words on independence day
Author
Trivandrum, First Published Aug 13, 2018, 8:07 PM IST

രാജ്യത്തെ ടെലികോം, കേബിൾ നെറ്റ്‌വർക്ക് കമ്പനികളെല്ലാം ആകാംക്ഷയോടെ, അതിലേറെ ഭീതിയോടെ കാത്തിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഓഗസ്റ്റ് 15 ലെ പ്രഖ്യാപനങ്ങൾ. ജിഗാ ഫൈബറിനെ സംബന്ധിച്ചാവുമോ ആ പ്രഖ്യാപനങ്ങള്‍ എന്നാണ് രാജ്യം ഇപ്പോള്‍ കാതോര്‍ത്തിരിക്കുന്നത്. ബ്രാഡ്ബാന്‍ഡ് സേവനമാണ് ജിഗാഫൈബര്‍ എന്നത് കൊണ്ട് ജിയോ ഉദ്ദേശിക്കുന്നത്. രണ്ടു വർഷം മുൻപ് തുടക്കമിട്ട ജിയോ 4ജിയുടെ ക്ഷീണം മാറും മുൻപേയാണ് ടെലികോം കമ്പനികൾക്ക് വൻ വെല്ലുവിളിയുമായി ജിയോ ബ്രോഡ്ബാൻഡ് വരുന്നത്. രാജ്യത്തെ ബ്രോഡ്ബാൻഡ് വിപണി ഒന്നടങ്കം പിടിച്ചടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ജിയോ നിരക്കുകൾ.

mukesh ambani words on independence day

കേവലം 500 രൂപയ്ക്ക് കേബിൾ വഴി നിരവധി സേവനങ്ങൾ വീട്ടിലേക്ക് എത്തിക്കുമ്പോൾ ഏറ്റവും വലിയ തിരിച്ചടി കേബിളുകാർക്ക് തന്നെയായിരിക്കും. നിലവിൽ കേബിൾ ഓപ്പറേറ്റർമാർ നൽകുന്ന ബ്രോഡ്ബാൻഡ് നിരക്കിനേക്കാൾ 50 ശതമാനം കുറച്ചാണ് ജിയോ നൽകാൻ പോകുന്നത്. അതും നിരവധി സേവനങ്ങള്‍ ഫ്രീയായി.

കേബിൾ ഓപ്പറേറ്റർമാർ നിലവിൽ 100 എംബിപിഎസ് വേഗമുള്ള 100 ജിബി ഡേറ്റയ്ക്ക് മാസം വാങ്ങുന്നത് 700 മുതൽ 1000 രൂപ വരെയാണ്. ഇതോടൊപ്പം ടിവി ചാനല്‍ സര്‍വീസുകള്‍ക്ക് 250 മുതല്‍ 300 രൂപ വരെ പ്രതിമാസം വാങ്ങുന്നുണ്ട്. എന്നാൽ, ജിയോ ഈ സേവനങ്ങള്‍ക്കെല്ലാം കൂടി വാങ്ങുന്നത് കേവലം 500 രൂപയാണ്.

അടുത്ത ദീപാവലിക്ക് മുൻപ് രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ജിഗാഫൈബർ എത്തുമെന്നാണ് അറിയുന്നത്. ടയർ 1, ടയർ2 നഗരങ്ങൾ, മെട്രോകൾ എന്നിവിടങ്ങളിലെല്ലാം ബ്രോഡ്ബാൻഡ് എത്തും. ഇന്റർനെറ്റ് സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 1,100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ‘ജിയോഫൈബർ’ ലഭ്യമാകുക. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്‍റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും. ഓഗസ്റ്റ് 15 മുതൽ ജിഗാഫൈബർ ബുക്കിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

mukesh ambani words on independence day

2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാൻഡ് ശൃംഖല മെച്ചപ്പെടുത്താൻ കമ്പനി നിക്ഷേപിച്ചതായി വെളിപ്പെടുത്തിയ മുകേഷ് അംബാനി, ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ശൃംഖലയാണ് ഈ രംഗത്തെ ഭാവി നിർണയിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.

ഫൈബർ വീട്ടിലെത്തിച്ച് ജിയോ റൗട്ടറിൽ ഘടിപ്പിക്കും. അതിൽനിന്നു ടിവിക്കുള്ള സെറ്റ്‍ടോപ്പ് ബോക്സിലേക്കും കണക്‌ഷൻ. റൗട്ടറിൽനിന്ന് വൈഫൈയിലൂടെയാണു മറ്റ് ഉപകരണങ്ങൾക്ക് ഇന്റർനെറ്റ് ലഭിക്കുക. സ്മാർട്ട്ടിവിയിൽ മാത്രമല്ല സാധാരണ ടിവിയിൽ എച്ച്ഡിഎംഐ പോർട്ട് ഉണ്ടെങ്കിൽ അതിലേക്കും റൗട്ടറിൽനിന്ന് കണക്‌ഷൻ എത്തിക്കാം.

mukesh ambani words on independence day

മൊബൈലിൽ ലഭിക്കുന്ന ‘ജിയോ ടിവി’ ചാനലുകളാവും കാണാനാകുക. ഇതിനുപുറമെ സ്ട്രീമിങ്ങും ഡൗൺലോഡുമൊക്കെയാകാം. ടിവി ഉപയോഗിച്ച് വിഡിയോ കോൺഫറൻസിങ് നടത്താം. ഒരു ലാൻഡ്ഫോണും ലഭിക്കും..

പരീക്ഷണാടിസ്ഥാനത്തിൽ 100 ജിബിയുടെ പ്രതിമാസപായ്‍ക്കേജാണ് നൽകിവരുന്നത്. അതുപയോഗിച്ചു തീരുമ്പോൾ ചെറിയ പായ്ക്കുകളായി റീചാർജ് ചെയ്യാനാകും. 4500 രൂപ റീഫണ്ടബിൾ നിക്ഷേപമാണ് കണക്‌ഷന് ഈടാക്കുകയെന്നാണു സൂചന.

Follow Us:
Download App:
  • android
  • ios