ദില്ലി: സമ്പന്നമനഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും. ആഗോളതലത്തില്‍ ഏറ്റവും സമ്പന്നമായ പതിനഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് മുംബൈ. 

ന്യൂ വേള്‍ഡ് വെല്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 61 ലക്ഷം കോടി രൂപയാണ് മുംബൈയുടെ മൂല്യം. ടൊറന്റോയും (60 ലക്ഷം കോടി) ഫ്രാങ്ക്ഫുര്‍ട്ടും (58.60 ലക്ഷം കോടി), പാരീസ് (55.28 ലക്ഷം കോടി) തുടങ്ങിയ നഗരങ്ങളെല്ലാം സമ്പത്തില്‍ മുംബൈയ്ക്ക് പിറകിലാണ്. വ്യക്തിഗത സ്വത്തിന്റെ അടിസ്ഥാനത്തിലാണ് സമ്പന്ന നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലും മുംബൈ ആഗോളതലത്തില്‍ ആദ്യപത്തിലുണ്ട്. മുംബൈ നഗരത്തില്‍ വസിക്കുന്ന 28 പേര്‍ ശതകോടീശ്വരന്‍മാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ കണക്കുകള്‍ പ്രകാരം 192.85 ലക്ഷം കോടി ആസ്തിയുള്ള ന്യൂയോര്‍ക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. 173 ലക്ഷം കോടി മൂല്യമുള്ള ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. ടോക്കിയോ,സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളാണ് തുടര്‍ സ്ഥാനങ്ങളില്‍. പട്ടികയില്‍ ഉള്ള പതിനഞ്ച് നഗരങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോ, ബെയ്ജിംഗ്,ഷാങ്ഹായ്, മുംബൈ,സിഡ്‌നി എന്നിവയാണ് പോയ പത്ത് വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്.