തൃശ്ശൂര്‍: റിസര്‍വ് ബാങ്കിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പേരില്‍ വ്യാജ ഇമെയില്‍ സന്ദേശമയച്ച്  തട്ടിപ്പിന് ശ്രമം. അവകാശികളില്ലാത്ത  കിടക്കുന്ന ഫണ്ട്  ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക്  ഗവര്‍ണ്ണറും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നാണ് പലര്‍ക്കും ലഭിച്ചിരിക്കുന്ന മെയില്‍ പറയുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പിനിരയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.

മെയില്‍ ലഭിച്ച് മൂന്ന് ദിവസത്തിനകം  ഗുണഭോക്താവ് ഫണ്ടിന് അവകാശവാദം ഉന്നയിക്കണം. ഇതിനായി പേര്, വിലാസം, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, അക്കൗണ്ട് നമ്പര്‍ എന്നിവയും  ഇവരുടെ ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. റിസര്‍വ് ബാങ്കിന്റെ  ആസ്ഥാനമായി തട്ടിപ്പ് മെയിലില്‍ ദില്ലിയാണ് നല്‍കിയിരിക്കുന്നത്.  റിസര്‍വ് ബാങ്ക് ഗവര്‍ണറാവട്ടെ ഇപ്പോഴും രഘുറാം രാജന്‍ തന്നെയാണ്.  ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവരുടെ പേരുവിവരങ്ങളും  ലോഗോയുമെല്ലാം ഇ-മെയില്‍ തട്ടിപ്പുകാര്‍ ചേര്‍ത്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ കുരുങ്ങരുതെന്ന്  റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യക്തി വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ ആരു ആവശ്യപ്പെട്ടാലും നല്‍കരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.