ദില്ലി: നോട്ട് പിന്‍വലിക്കലിന് ശേഷം റിസര്‍വ് ബാങ്ക് ഇറക്കിയതാണ് പുതിയ 2000 നോട്ട്. ഇതിനെ സംബന്ധിച്ച് പരാതികളും ചില സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ പുതിയ ആരോപണം, 2000 നോട്ടിന് ഇന്തോനേഷ്യയിലെ കറന്‍സി 'റുപിയ' യുമായുള്ള സാമ്യമാണ് ചില ദേശീയ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ നോട്ടിന്റെ ഡിസൈനില്‍ ഇന്തോനേഷ്യന്‍ 10,000 റുപ്പിയയുടെ  കോപ്പിയടി കണ്ടെത്താനുള്ള ശ്രമത്തിലാണ് വിമര്‍ശകര്‍ എന്നാണ് വാര്‍ത്ത‍. രണ്ടു നോട്ടുകള്‍ക്കും നിറവും ഡിസൈനും ഏറെക്കുറെ സാമ്യമുണ്ടെന്ന് ഇവര്‍ പറയുന്നു.

2010 ജൂലൈ 20 ന് ഇന്തോനേഷ്യ പുറത്തുവിട്ട 10,000 റുപ്പിയയുടെ ഡിസൈന്‍ ഇന്ത്യ ചില്ലറ മാറ്റങ്ങളോടെ കോപ്പിയടിച്ചിരിക്കുന്നു എന്നാണ് ആരോപണം‍. പുതിയ 2000 നോട്ടിന് ഇന്തോനേഷ്യയിലെ 10,000 റുപ്പിയയോടുള്ള സാമ്യമാണ് ആള്‍ക്കാര്‍ കണ്ടെത്തുന്നത്. 

രണ്ട് നോട്ടിലും ഏറെക്കുറെ റോസ് നിറത്തിനാണ് ആഭിമുഖ്യം കൂടുതല്‍. രൂപയില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായ മംഗള്‍യാന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്തോനേഷ്യ റുപ്പിയായില്‍ കാണുന്നത് ദക്ഷിണ സുമാത്രയിലെ പലെംബാങ്ങിലെ പുരാതന ലിമാസ് ഗൃഹമാണ് നല്‍കിയിരിക്കുന്നത്. 

രണ്ടു കറന്‍സികളുടെയും ഈ വശത്ത് ഇടതുമുകളിലായും വലതു താഴെയായും തുക രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടിന്റെയും വെള്ളവശം ഇടതു ഭാഗത്താണ്. ഇന്ത്യ ഇടതുമുകളിലായി റിസര്‍വ് ബാങ്കിന്റെ പേരും അക്ഷരത്തിലെഴുതിയ തുകയും രേഖപ്പെടുത്തിയപ്പോള്‍ ഇന്തോനേഷ്യ ബാങ്കിന്റെ പേര് വലതുമാറിയും തുക അക്ഷരത്തില്‍ താഴെ രേഖപ്പെടുത്തിയതുമാണ് വ്യത്യസ്തത. 

മറുവശത്തും അതുപോലെ തന്നെ സാമ്യത കാണപ്പെടുന്നുണ്ട്. നേതാക്കന്മാരെയും ചരിത്രപുരുഷന്മാരെയും കലാപാരമ്പര്യവുമെല്ലാം നോട്ടില്‍ ചിത്രീകരിക്കാറുള്ള ഇന്തോനേഷ്യ 10000 നോട്ടില്‍ പോലംബാങ്ങിലെ എട്ടാമത്തെ സുല്‍ത്താനായ സുല്‍ത്താന്‍ മഹ്മൂദ് ബദാറുദ്ദീന്‍ രണ്ടാമന്റെ ചിത്രമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ ചിത്രം നല്‍കിയിരിക്കുന്നതിന് പകരം നല്‍കിയിരിക്കുന്നത്. 

നോട്ടിന്റെ വലതുവശത്ത് താഴെ ഇന്ത്യ അശോസ്തംഭം നല്‍കിയപ്പോള്‍ നോട്ടിന്‍റെ വലതു മുകളിലായിട്ടാണ് ഇന്തോനേഷ്യ അവരുടെ ദേശീയചിഹ്നമായ ഗരുഡനെ വെച്ചിരിക്കുന്നത്.