സ്വാതന്ത്ര്യലബ്‍ധിക്ക് ശേഷം കേരളത്തില്‍ നിന്ന് പുതിയൊരു ബാങ്ക് കൂടി. 1992ല്‍ പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധസംഘമായ ഇവാഞ്ചിലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറമാണ് ഇസാഫ് എന്ന ബാങ്കായി മാറുന്നത്. 2015ല്‍ ഇസാഫിന് ചെറുകിട ബാങ്കിനുള്ള ലൈന്‍സസ് ലഭിച്ചു. 85 ശാഖകളുമായാണ് തുടക്കത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ഇതില്‍ 45 ശാഖകള്‍ കേരളത്തിലാണ്. തൃശൂരിലെ മണ്ണുത്തിയാണ് ബാങ്കിന്റെ ആസ്ഥാനം. ബാങ്കിന്റെ പേരില്‍ തന്നെയുള്ളതുപോലെ വായ്പകളില്‍ ചെറുകിട, കാര്‍ഷിക മേഖലകള്‍ക്കാകും മുന്‍ഗണന. 

ഇസാഫിന് നിലവില്‍ 12.5 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഇവരെല്ലാം ബാങ്കിന്റെ ഉപഭോക്താക്കളായി മാറും. മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി വീട്ടുപടിക്കലെത്തി സേവനം നല്‍കുമെന്നാണ് ഇസാഫിന്‍റെ പ്രത്യേകത. നിക്ഷേപത്തിന് കൂടുതല്‍ പലിശയാണ് മറ്റൊരാകര്‍ഷണം. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് പുറമേ ബാങ്കിംഗ് സേവനം എത്താത്ത ഇടുക്കിയിലെ വട്ടവട, കാസര്‍കോട്ടെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇസാഫ് ബ്രാഞ്ചുകള്‍ ആരംഭിക്കും. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ജാര്‍ഖണ്ഡ്, ഛത്തീസ്ഗണ്ഡ് തുടങ്ങി 10 സംസ്ഥാനങ്ങളിലും ഇസാഫ് വൈകാതെ പ്രവര്‍ത്തനം തുടങ്ങും.