10-20 ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനം റോഡ് നികുതിയാണ് ശുപാര്‍ശ

ദില്ലി: പുതിയ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ രാജ്യമാകെ ഏകീകൃത നികുതി ഘടന നടപ്പില്‍ വരാന്‍ വഴിതെളിയുന്നു. നിലവില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ നികുതി ഘടനയാണ് നിലവിലുളളത്. 

ഈ വ്യത്യാസം മുതലാക്കി മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വാഹനം രജിസ്റ്റര്‍ ചെയ്യുന്ന പതിവുണ്ട്. ഇത്തരം നടപടികള്‍ അടുത്തകാലത്തായി കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് നിയമ നിര്‍മ്മാണത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്. 

ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിതല സമിതി സര്‍ക്കാരിനുമുന്‍പില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിതല സമിതി യോഗത്തിലായിരുന്നു തീരുമാനം. അടുത്തമാസം ചേരുന്ന ജിഎസ്‍റ്റി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കും. പത്ത് ലക്ഷത്തിന് താഴെ വിലവരുന്ന വാഹനങ്ങള്‍ക്ക് എട്ട് ശതമാനം നികുതിയും, 10-20 ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനം റോഡ് നികുതിയും ഇടാക്കാനാണ് സമിതി നിര്‍ദ്ദേശം. 20 മുകളില്‍ വിലവരുന്ന വാഹനങ്ങള്‍ക്ക് 12 ശതമാനവുമായിരിക്കും നികുതി.