ദില്ലി: കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ 10 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. 2005ലെ മഹാത്മാ ഗാന്ധി സീരിസിലുള്ള നോട്ടുകളുടെ ഇരുവശത്തും ഇംഗ്ലീഷിലുള്ള L അക്ഷരം ആലഖനം ചെയ്തായിരിക്കും നോട്ടുകള്‍ പുറത്തിറങ്ങുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പിന് പുറമെ ഇരുവശത്തുമുള്ള നമ്പറുകള്‍ ഇടത് നിന്ന് വലത്തേക്ക് വലിപ്പം കൂടി വരുന്ന തരത്തിലായിരിക്കും. എന്നാല്‍ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ഒരേ വലിപ്പം പാലിക്കും. ഒട്ടനവധി പുതിയ സുരക്ഷാ സംവിധാനങ്ങളും നോട്ടിലുണ്ടാകും. പുതിയ നോട്ടുകള്‍ പുറത്തിറക്കുമെങ്കിലും ഇപ്പോഴുള്ള നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.