ഇപ്പോള്‍ നിഫ്റ്റി 10,700 എന്ന നിലയില്‍ വ്യാപാരം തുടരുന്നു 

ദില്ലി: അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പ് വിധിയെ സംബന്ധിച്ച രാഷ്ട്രീയ അനിശ്ചിതത്വം സമീപഭാവിയില്‍ തന്നെ ഓഹരി വിപണികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് നോമുറ. പ്രമുഖ സാമ്പത്തിക സേവന-ഓഹരി വിപണി നിരീക്ഷണ സ്ഥാപനമാണ് നോമുറ.

നിലവില്‍ 10,700 എന്ന നിലയില്‍ വ്യാപാരം നടത്തുന്ന നിഫ്റ്റി ഈ വര്‍ഷം ഡിസംബറോടെ 11,380 എന്ന ഓഹരി സൂചികയിലെത്തുമെന്ന് അവര്‍ നിരീക്ഷിച്ചു. എന്നാല്‍, 2019 ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്താത്ത സാഹചര്യമുണ്ടായാല്‍ അത് വിപണിയില്‍ പ്രതികൂല ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും നോമുറ നിരീക്ഷിച്ചു. ഇന്ത്യയുടെ ദേശീയ ഓഹരി സൂചികയാണ് നിഫ്റ്റി. 

രാഷ്ട്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമോ എന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്ന ആശങ്കയാണ് വിപണിയെ ഭയപ്പെടുത്തുന്നത്. പൊതു തിരഞ്ഞെടുപ്പിന് ശേഷം അസ്ഥിരമായ ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കപ്പെടുകയാണെങ്കില്‍ ഓഹരി വിപണിക്ക് അത് വലിയ ഭീഷണിയാവുമെന്നും നൊമുറ വ്യക്തമാക്കി.