ബംഗളുരു: ഐ.ടി രംഗത്തെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ കമ്പനികളെല്ലാം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്‍ഫോസിസിന് പുറമെ, ടെക് മഹീന്ദ്ര, വിപ്രോ, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ലക്ഷങ്ങളും കോടികളുമൊക്കെ ശമ്പളം വാങ്ങുന്ന പരിചയ സമ്പന്നരായ ജീവനക്കാരെപ്പോലും ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിടുന്ന രീതിയാണ് പല കമ്പനികളിലും ഉള്ളതെന്ന് ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ഓട്ടോമേഷന്‍ അതിപ്രസരവും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങള്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതും മുതല്‍ ഐ.ടി ബിസിനസ് രംഗത്തെ പുതിയ പ്രവണതകളെല്ലാം ജീവനക്കാരെ വലയ്ക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ ടി.സി.എസില്‍ നിന്ന് 56 വയസുകാരിയായ മുതിര്‍ന്ന ജീവനക്കാരിയെ പിരിച്ചുവിട്ട നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 25 വര്‍ഷത്തിലേറെയായി കമ്പനിയുടെ ഭാഗമായിരുന്ന ഇവര്‍ ഒരു കോടിയിലേറെ രൂപയായിരുന്നു വാര്‍ഷിക ശമ്പളം കൈപ്പറ്റിയിരുന്നത്. ഇതിന്റെ പകുതി ശമ്പളത്തിന് പോലും മറ്റൊരു കമ്പനിയില്‍ ജോലി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലായി മാറുകയും ചെയ്തു. താരതമ്യേന ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആയിരക്കണക്കിന് പേരുടെ അവസ്ഥ ഏതാണ്ട് ഇതുപോലെ തന്നെയാണെന്നാണ് വിവരം. ഇടത്തരം, ഉയര്‍ന്ന സ്കെയിലുകളില്‍ ശമ്പളം വാങ്ങുന്ന 3500 ഓളം പേരെ പിരിച്ചുവിടാനാണ് ഇന്‍ഫോസിസിന്റെ തീരുമാനം. രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസ് ഘട്ടംഘട്ടമായി ആയിരിക്കും പിരിച്ചുവിടല്‍ നടപ്പാക്കുക. എന്നാല്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുന്ന പ്രക്രിയയുടെ ഭാഗമായുള്ള നടപടി മാത്രമാണിതെന്നാണ് ഇന്‍ഫോസിസ് വക്താവ് പ്രതികരിച്ചത്. എല്ലാ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടെന്നും നടപടികള്‍ക്ക് വിധേയമാവുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് മാത്രമാണ് വ്യത്യാസമെന്നും കമ്പനി വിശദീകരിക്കുന്നു.

എന്നാല്‍ 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവരും 30നും 50നും ഇടയ്ക്കും പ്രായമുള്ളവരുമാണ് അധികവും പിരിച്ചുവിടപ്പെടുന്നത്. പൊതുവെ താഴ്ന്ന ശമ്പളം വാങ്ങുന്ന തുടക്കക്കാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതരാണെങ്കിലും റിക്രൂട്ട്മെന്റ് വലിയ അളവില്‍ കുറച്ചിട്ടുണ്ട്. എച്ച് 1 ബി വിസാ നടപടികള്‍ അമേരിക്ക കര്‍ശനമാക്കിയതിന് പിന്നാലെ പതിനായിരത്തോളം അമേരിക്കക്കാരെ നിയമിക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ടെക് മഹീന്ദ്രയും ഒരുങ്ങുന്നത്. ഏഴായിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിവരം. 15 മുതല്‍ 20 വര്‍ഷം വരെ ജോലി പരിചയമുള്ള ഇവരെ പിരിച്ചുവിടന്നത് പ്രവര്‍ത്തന മികവില്ലായ്മ ചൂണ്ടിക്കാട്ടി തന്നെയാണ്. എന്തായാലും വലിയ പ്രതീക്ഷയോടെ ഐ.ടി രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അത്ര നല്ല ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്.